ലഖ്‌നൗ- ബാബരി മസ്ജിദ് ഹിന്ദുത്വ ഭീകരര്‍ തര്‍ത്തിട്ട് ഇന്ന് 28 വര്‍ഷം തികഞ്ഞു. എല്ലാ വര്‍ഷവും അയോധ്യയില്‍ ഹിന്ദു, മുസ്‌ലിം സമുദായങ്ങള്‍ ഈ വാര്‍ഷിക ദിനത്തില്‍ നടത്തി വന്നിരുന്ന പരിപാടികള്‍ ഇപ്പോള്‍ ഇല്ല. എല്ലാം മാറ്റിവെച്ച് മുന്നോട്ടു പോകാനാണ് ഇരു സമുദായങ്ങളുടേയും തീരുമാനം. ബാബരി ഭൂമി ഹിന്ദു സമുദായത്തിനു വിട്ടുനല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിനു ശേഷമുള്ള രണ്ടാമത്തെ വാര്‍ഷികദിനമാണിന്ന്. സാധാരണ ഡിസംബര്‍ ആറിന് അയോധ്യയിലെ മുസ്‌ലിംകള്‍ ദുഃഖ ദിനമായും സംഘപരിവാറുകാര്‍ ശൗര്യ ദിനമായുമാണ് ഡിസംബര്‍ ആറ് ആചരിച്ചു വന്നിരുന്നത്. മുസ്‌ലിംകള്‍ കരിങ്കൊടി നാട്ടിയും കടകള്‍ അടച്ചുമാണ് 'യൗമെ ഗം' ആചരിച്ചിരുന്നത്.
മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയില്‍ രാമ ക്ഷേത്രം പണിയാന്‍ ഭൂമി പൂജ നാലു മാസം മുമ്പാണ് നടന്നത്. ഇത്തവണ ഡിസംബര്‍ ആറിനു മുന്നോടിയായി രാമ ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ശ്രീ രാമജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് കമല്‍ നയന്‍ ദാസ് ശൗര്യ ദിനം ആചരിക്കരുതെന്ന് ഹിന്ദു സമുദായത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. 'സുപ്രീം കോടതി രാമ ക്ഷേത്രത്തിന് അനുകൂലമായാണ് വിധി പറഞ്ഞത്. ഇനി ശൗര്യ ദിനം ആചരിക്കുന്നതില്‍ അര്‍ത്ഥമില്ല. രാമ ക്ഷേത്രത്തിനുള്ള ഭൂമി പൂജയും നടത്തി. നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു,' വിശ്വഹിന്ദു പരിഷത് വക്താവ് ശരത് ശര്‍മ പറഞ്ഞു.
ബാബരി ഓര്‍മ ദിനത്തോടനുബന്ധിച്ച് ബാബരി കേസിലെ പരാതിക്കാരില്‍ ഒരാളായ ഹാജി മെഹബൂബിന്റെ അയോധ്യയിലെ തേഡി ബസാറിലെ വീട്ടില്‍ യൗമെ ഗം, അല്ലെങ്കില്‍ ശഹാദത് ദിവസ് ആചരിക്കാനും പ്രതീകാത്മക പ്രതിഷേധം നടത്താനുമായി ആളുകള്‍ ഒത്തു ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് രാഷട്രപതിക്കുള്ള നവേദനം അയോധ്യ മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തവണ ഈ പരിപാടികളൊന്നും നടന്നില്ല.
ഈ വര്‍ഷം യൗമെ ഗം ആചരണവും കരിങ്കൊടി പ്രദര്‍ശിപ്പിക്കലും ഇല്ലെന്ന് ഹാജി മെഹ്ബൂബ് പറഞ്ഞു. 1992ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി തേഡി ബസാറിലെ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയതെല്ലാം മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനും നല്ലൊരു ഭാവിക്കു വേണ്ടി പഴയത് മറക്കാനുമുള്ള സന്ദേശമാണ് രാജ്യത്തെ എല്ലാ മുസ്‌ലിംകള്‍ക്കുമായി ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.