Sorry, you need to enable JavaScript to visit this website.

ഗോള്‍വാള്‍ക്കറല്ല, തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രത്തിന് അനുയോജ്യം ഡോ. പല്‍പ്പുവിന്റെ പേരെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളിക്കു കീഴില്‍ സ്ഥാപിക്കുന്ന കാന്‍സര്‍, വൈറസ് പകര്‍ച്ചാവ്യാധി പഠന ഗവേഷണ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. ശാസ്ത്ര രംഗത്ത് ഒരു നേട്ടവും എടുത്തുപറയാനില്ലാത്ത, വിജ്ഞാന വ്യാപനത്തെ തടഞ്ഞ ഒരാളുടെ പേരല്ല നല്‍കേണ്ടതെന്നും ഏറ്റവും അനുയോജ്യമായ പേര് ഡോ. പല്‍പ്പുവിന്റേതാണെന്നും തരൂര്‍ നിര്‍ദേശിച്ചു. 'പ്രശസ്തനായ ബാക്ടീരിയോളജിസ്റ്റും സാമൂഹിക പരിഷ്‌ക്കര്‍ത്താവും തിരുവനന്തപുരത്തുകാരനുമാണ് ഡോ. പല്‍പ്പു. കാംബ്രിഡ്ജില്‍ നിന്ന് സീറം തെറപ്പിയിലും ട്രോപ്പിക്കല്‍ മെഡിസിനിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ബ്രിട്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഫെലോയും ആയിരുന്നു,' തരൂര്‍ ചൂണ്ടിക്കാട്ടി. 

ഗോള്‍വാല്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കം തിരുവനന്തപുരത്തോട് ബിജെപി കാണിച്ച അധിക്ഷേപമാണെന്നും ഈ നീക്കത്തെ ചെറുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെ ടാഗ് ചെയ്ത് തരൂര്‍ ട്വീറ്റിലൂടെ പ്രതികരിച്ചു. 

ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന് ഫണ്ട് അനുവദിക്കുകയും ചെയ്തതാണ് രാജീവ് ഗാന്ധിയുടെ സംഭാവനകള്‍. ഇങ്ങനെ ചെയ്ത ബിജെപിക്കാരായ ഒരു പ്രശസ്തരും ഇവിടെ ഇല്ലെ? ശാസ്ത്രത്തിനു മുകളില്‍ മതത്തെ പ്രതിഷ്ഠിച്ച് 1966ല്‍ വിഎച്പി പരിപാടിയില്‍ പ്രസംഗിച്ച, മതഭ്രാന്തുള്ള ഹിറ്റ്‌ലര്‍ ആരാധകന്റെ ഓര്‍മകളാണോ കേന്ദ്ര സര്‍ക്കാര്‍ അനുസ്മരിപ്പിക്കുന്നത്? തരൂര്‍ ചോദിച്ചു.

ആരാണ് ഡോ. പല്‍പ്പു? 
1883ല്‍ മെട്രിക്കുലേഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയെങ്കിലും ഈഴവ സമുദായംഗമായതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെട്ട ഡോ. പല്‍പ്പു പിന്നീട് പണം കടംവാങ്ങി സ്വപ്രയത്‌നത്താലെ മദ്രാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടിയാണ് ഡോക്ടറായത്. മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായ ശേഷം ട്രാവന്‍കൂര്‍ മെഡിക്കല്‍ സര്‍വീസസില്‍ ഒരു ജോലിക്കു ശ്രമിച്ചെങ്കിലും ജാതിയുടെ പേരില്‍ ജോലി നിരസിക്കപ്പെട്ടു. പിന്നീട് മൈസൂര്‍ സര്‍ക്കാര്‍ സര്‍വീസിലാണ് പല്‍പ്പു ജോലി നേടിയത്. ഈഴവ സമുദായത്തിന്റെ ഉദ്ധാരണത്തിനും ജാതിവിവേചനങ്ങള്‍ക്കുമെതിരെ പൊരുതിയ ഡോ. പല്‍പ്പു കേരളത്തിലെ എണ്ണപ്പെട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളില്‍ ഒരാളാണ്.

Latest News