ലഖ്‌നൗ- ഉത്തര്‍ പ്രദേശ് നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണസിയില്‍ ബിജെപിക്ക് രണ്ടു സീറ്റുകള്‍ നഷ്ടമായി. 10 വര്‍ഷമായി ബിജെപി നിലനിര്‍ത്തിയ രണ്ടു സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തു. ഒരു സീറ്റ് അധ്യാപകര്‍ക്കും മറ്റൊരു സീറ്റ് ബിരുദധാരികള്‍ക്കും സംവരണം ചെയ്തവയായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ അശുതോഷ് സിന്‍ഹയും ലാല്‍ ബിഹാരി യാദവുമാണ് ഇവിടെ ജയിച്ച് എംഎല്‍സിമാരായത്. 11 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ അഞ്ചു സീറ്റുകള്‍ ബിരുദധാരികള്‍ക്കും ആറു സീറ്റുകള്‍ അധ്യാപകര്‍ക്കും നീക്കിവെച്ചവയായിരുന്നു. മേയ് ആറിനാണ് ഈ എംഎല്‍സിമാരുടെ കാലാവധി അവസാനിച്ചത്. ബിജെപി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ അധ്യാപക സംഘടനകളില്‍ നിന്നായി 199 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 11 സീറ്റുകളില്‍ ബിജെപി നാലും സമാജ് വാദി പാര്‍ട്ടി മൂന്നും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടി. രണ്ടു സീറ്റുകളിലെ ഫലം വരാനുണ്ട്. അതേസമയം ഭരണകക്ഷിയായ ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍ സമാജ്‌വാദി പാര്‍ട്ടി മികച്ച വിജയം നേടിയത് ഏവരേയും അമ്പരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ദ്വിമണ്ഡല നിയമനിര്‍മാണ സഭകളുള്ള ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. വിധാന്‍ സഭയും വിധാന്‍ പരിഷതും ചേര്‍ന്നാണ് നിയമസഭ. എല്‍എല്‍എമാരും വിധാന്‍ സഭയിലും എല്‍എല്‍സിമാര്‍ വിധാന്‍ പരിഷത് എന്ന ലെജിസ്ലേറ്റിവ് കൗണ്‍സിലുമിരിക്കും. 100 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.