Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പരീക്ഷിക്കാത്ത കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി തേടി ഫൈസര്‍

ന്യൂദല്‍ഹി- ബ്രിട്ടനില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സീന്‍ ഇന്ത്യയില്‍ വിപണിയിലിറക്കാന്‍ അനുമതി തേടി അമേരിക്കന്‍ ഫാര്‍മ ഭീമനായ ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും വില്‍പ്പനയ്ക്കും വിതരണത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫൈസര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ)യ്ക്ക് അപേക്ഷ നല്‍കിയത്. ഈ വാക്‌സിന്‍ ബ്രിട്ടനിലും ബഹ്‌റൈനിലും ഫൈസര്‍ ഉടന്‍ വിപണിയിലിറക്കാനിരിക്കുകയാണ്. 96 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ച ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി കോവിഡ് വാക്‌സിന്‍ വില്‍പ്പനയ്ക്ക് അനുമതി തേടി ഡിജിസിഐയെ സമീപിക്കുന്നത്.

മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന, കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന പുതിയ മരുന്ന് പരീക്ഷണ നിയമം 2019ന്റെ ചുവട് പിടിച്ചാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ നിയമം നല്‍കുന്ന ഇളവുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്നാണ് ഫൈസര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

ഫൈസറും ജര്‍മന്‍ ബയോടെക്‌നോളജി കമ്പനിയായ ബയൊന്‍ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണിത്. 90 ശതമാനം കാര്യക്ഷമമാണിതെന്നും റിപോര്‍ട്ടുണ്ടായിരുന്നു.

ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ മരുന്നുകള്‍ക്കെ ഇന്ത്യയില്‍ വിപണാനാനുമതി നല്‍കാറുള്ളൂ. ഫൈസറോ അവരുടെ പങ്കാളിത്ത കമ്പനികളോ ഇന്ത്യയില്‍ ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന പുതിയ നിയമപ്രകാരം വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള വിവേചനാധികാരം ഡിജിസിഐക്ക് ഉണ്ട്.
 

Latest News