ന്യുദല്‍ഹി- അനിഷ്ടകരമായ എല്ലാ ശാരീരിക സ്പര്‍ശനങ്ങളും ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ലൈംഗിക ചുവയോടെയുള്ള പെരുമാറ്റമല്ലെങ്കില്‍ ഇത്തരം അസ്വീകാര്യമായ സ്പര്‍ശനങ്ങളേയും അബദ്ധത്തില്‍ സംഭവത്തിക്കുന്ന ശാരീരിക സ്പര്‍ശനങ്ങളേയും ലൈംഗികാതിക്രമമെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.ആര്‍.ആർ.ഐ) ശാസ്ത്രജ്ഞ സഹപ്രവര്‍ത്തകനെതിരെ സമര്‍പിച്ച ഹരജിയിലാണ് ജസ്റ്റിസ് വിഭു ബഖ്റുവിന്റെ നിരീക്ഷണം. തന്നെ അനാവശ്യമായി സ്പര്‍ശിച്ച മേലുദ്യോഗസ്ഥനെ സി.ആര്‍.ആർ.ഐ അച്ചടക്ക സമിതി കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്.
2005-ലായിരുന്നു കേസിനാസ്പദമായ സംഭവം. സിആര്‍ആര്‍ ലാഭില്‍ ജോലി ചെയ്യുന്നതിനിടെ അകത്ത് കയറി വന്ന മേലുദ്യോഗസ്ഥന്‍ തന്റെ കയ്യില്‍ നിന്നും ഉപകരണങ്ങള്‍ തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞെന്നും തന്നെ മുറിയില്‍ നിന്നും തള്ളിപ്പുറത്താക്കിയെന്നുമാണ് ആരോപണം. അനിഷ്ടകരമായ ഈ സ്പര്‍ശനം ലൈംഗികാതിക്രമമാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ല.
സിആര്‍ആര്‍ അച്ചടക്ക സമിതി ഈ കേസ് അന്വേഷിച്ച് ഇത് ലൈംഗികാതിക്രമമല്ലെന്ന് കണ്ടെത്തിയിരുന്നു. മേലുദ്യോഗസ്ഥന്റെ പെരുമാറ്റം അപലപലനീയമാണെന്നും അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെന്നും സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ലൈംഗികാതിക്രമണമാണെന്ന വാദം അംഗീകരിച്ചില്ല. ഇതു ചോദ്യം ചെയ്താണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.