- മുജീബ് കളത്തിൽ
ദമാം - ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരം കളിക്കാൻ പത്തൊൻപത് വയസിന് താഴെയുള്ളവരുടെ ഇന്ത്യൻ ടീം സൗദിയിലെത്തി. ഇക്കഴിഞ്ഞ അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിൽ രാജ്യത്തിന്റെ കുപ്പായമിട്ട കളിക്കാരാണ് സൗദിയിലെത്തിയത്. ഖത്തറിൽ സന്നാഹ മത്സരം കളിച്ച ശേഷം ദമാമിൽ വിമാനമിറങ്ങിയ ടീമിന് സൗദിയിലെ മലയാളി ഫുട്‌ബോൾ സംഘാടകരുൾപ്പെടുന്ന സംഘം സ്വീകരണം നൽകി.
പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന ഗ്രൂപ്പ് ഡി യോഗ്യതാ മത്സരങ്ങളിൽ സൗദി അറേബ്യ, തുർക്ക്‌മെനിസ്ഥാൻ, യെമൻ ടീമുകളുമായാണ് ഇന്ത്യ കളിക്കുക. കിംഗ് ഫഹദ് ഇന്റർ നാഷണൽ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ സൗദി സ്‌പോട്‌സ് മന്ത്രാലയം ബൊക്കെ നൽകി സ്വീകരിച്ചു. കോച്ച് ലൂയിസ് നോർടൺ ഡി മാറ്റോസ്, ടീം മാനേജർ വേലു എന്നിവരടക്കം 25 അംഗങ്ങൾ അടങ്ങുന്നതാണ് സംഘം. സൗദി ഇന്ത്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ സലാം, ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് റഫീക് കൂട്ടിലങ്ങാടി, മറ്റു ഭാരവാഹികളായ, സക്കീർ വള്ളക്കടവ്, റിയാസ് പറളി, സമീർ സാം, മണി പത്തിരിപ്പാല, അബ്ദുൽ ജബ്ബാർ കോഴിക്കോട് എന്നിവർ ദമാമിലെ പ്രവാസി സമൂഹത്തിന് വേണ്ടി ബൊക്കെ നൽകി. തൃശൂർ സ്വദേശിയായ രാഹുൽ കണ്ണോളിയാണ് ടീമിലെ ഏക മലയാളി. വിജയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീം മൽസരത്തിന് ഇറങ്ങുന്നതെന്ന് രാഹുൽ പറഞ്ഞു. ഖത്തറിൽ സൗഹൃദ മൽസരം കഴിഞ്ഞതിന് ശേഷം കുവൈത്ത് വഴിയാണ് ടീം ദമാമിലെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ടീം സൗദി അറേബ്യയുമായി ആദ്യ മൽസരത്തിൽ മാറ്റുരക്കും. ദമാം പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച യെമനുമായും ബുധനാഴ്ച തുർക്ക്‌മെനിസ്ഥാനുമായാണ് ഇന്ത്യൻ ടീം ഏറ്റുമുട്ടുന്നത്.വൈകുന്നേരം നാലിനാണ് ഈ രണ്ട് മൽസരങ്ങളും.