ന്യൂദല്‍ഹി- പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടും. പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിനുള്ള ഭൂമിപൂജയും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഭൂമി പൂജ ചടങ്ങിനായി ഓം ബിര്‍ള ഇന്നലെ മോഡിയുടെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിച്ചു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും മോഡിയാണ് നിര്‍വഹിച്ചത്.
861.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. ഇരുപത്തിയൊന്നു മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രൊജ്ക്ടിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്നു തന്നെയായിരിക്കും പുതിയ കെട്ടിടം വരിക. എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസ് പുതിയ മന്ദിരത്തിലുണ്ടാവും.
നിര്‍മാണകാലത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഉള്‍പ്പെടെ പാര്‍ലമെന്റ് സമുച്ഛയത്തിലെ പ്രതിമകള്‍ താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടേയും ഡോ. ബി.ആര്‍ അംബേദ്കറിന്റെയും ഉള്‍പ്പടെ അഞ്ചു പ്രതിമകളാണ് മാറ്റി സ്ഥാപിക്കുന്നത്.
പണി പൂര്‍ത്തിയായാല്‍ ഇവ 'ഉചിത'മായ സ്ഥാനങ്ങളില്‍ പുനഃസ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.