സമരമാണിത്, പാട്ടും നൃത്തവും ഇവരുടെ ആയുധം

ന്യൂദല്‍ഹി- ചെവി തുളച്ചും നെഞ്ചിടിപ്പിച്ചും കേള്‍ക്കുന്ന പഞ്ചാബി തട്ടുപൊളിപ്പന്‍ ഗാനങ്ങളുടെ മേളമാണ് കര്‍ഷകര്‍ സമരമിരിക്കുന്ന ദല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍. ഡിജെ ഡാന്‍സ് വേദിയാക്കി മാറ്റിയാക്കിയ ട്രാക്ടറിന് ചുറ്റും താളം പിടിച്ചും ചുവട് വെച്ചും തണുപ്പും മടുപ്പും അകറ്റി പ്രായഭേദം മറന്ന് കര്‍ഷകര്‍ രാത്രികള്‍ ചെലവഴിക്കുന്നു. ഡിജെ സിസ്റ്റം വെച്ച് തയാറാക്കിയ ട്രാക്ടറിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി ഞങ്ങള്‍ക്ക് നേരംപോക്കിനായി വലിയ ഉപാധികളൊന്നുമുണ്ടായിരുന്നില്ല. പുതിയ വഴി തേടിയപ്പോഴാണ് ഇത്തരമൊരു ആശയം മനസില്‍ ഉദിച്ചത്. തൊട്ടുപിന്നാലെ ഒരു ട്രാക്ടര്‍ ഇത്തരത്തില്‍ മാറ്റിയെടുക്കുകയായിരുന്നുവെന്നാണ് ഒരു യുവ കര്‍ഷകന്‍ പറഞ്ഞത്. നീലയും ചുവപ്പും ലൈറ്റുകളും സൗണ്ട് സിസ്റ്റവും മറ്റും ഘടിപ്പിച്ച ട്രാക്ടറിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന കര്‍ഷകരുടെ ചിത്രങ്ങളും വലിയ തോതില്‍ തന്നെ പ്രചരിക്കുന്നു.
കര്‍ഷക സമരം പത്താം ദിവസം പിന്നിടുമ്പോള്‍ ദല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളില്‍ സര്‍വ സജ്ജീകരണങ്ങളുമായാണ് കര്‍ഷകര്‍ തമ്പടിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെ ഇവിടെ തമ്പടിച്ചു സമരം ചെയ്യാനുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ തങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറഞ്ഞത്. പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളും ആവശ്യത്തിലധികം സംഭരിച്ചിരിക്കുന്നതിനാല്‍ സംഭാവന നല്‍കാന്‍ എത്തുന്നവരെ വിലക്കുകയാണെന്നും ലംഗാറിന്റെ ചുമതല വഹിക്കുന്ന കര്‍ഷകരും പറഞ്ഞു.
യുവാക്കള്‍ ഡിജെക്കൊപ്പം ചുവട് വെച്ചു നേരം പോക്കുമ്പോള്‍ മുതിര്‍ന്ന കര്‍ഷകര്‍ നാടന്‍ പാട്ടുകള്‍ പാടിയും സിഖ് വീരഗാഥകള്‍ പങ്ക് വെച്ചുമാണ് സമരമുഖത്തിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യപിച്ച് സിഖ് സമുദായത്തിലെ സായുധ വിഭാഗമായ നിഹാംഗുകളും കുതിരപ്പുറത്തേറിയും വാളേന്തിയും എത്തിയിട്ടുണ്ട്.
    

 

Tags

Latest News