ന്യൂദൽഹി- കർഷക സമരം ഒത്തുതീർക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്ര സർക്കാർ. കരാർ കൃഷിയിലെ തർക്കങ്ങളിൽ കോടതിയെ സമീപിക്കാനുള്ള അനുമതി നിയമഭേദഗതിയിൽ എഴുതിച്ചേർക്കും. താങ്ങുവില സംബന്ധിച്ചുളള ഉറപ്പുകൾ എഴുതിനൽകാനും നീക്കമുണ്ട്. സമരം തീർക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി മുതിർന്ന മന്ത്രിമാരുമായി ചർച്ച നടത്തി. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ, പിയൂഷ് ഗോയൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അതേസമയം, മൂന്നു വിവാദ നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി.