തിരുവനന്തപുരം - വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിൽ കേരളത്തിന്റെ പിന്തുണ തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ സചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സചിനും ഭാര്യ ഡോ. അഞ്ജലിയും രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഈ മാസം 17 ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടന മത്സരത്തിന് ക്ഷണിച്ചത്. പുതിയ സീസണിലെ ഐ.എസ്.എല്ലിന്റെ കിക്കോഫ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ്.
സന്ദർശനത്തിനു ശേഷം പുറത്തിറങ്ങിയ സചിനെ മാധ്യമപ്രവർത്തകരും ആരാധകരും വളഞ്ഞു. കാറിനടുത്തേക്ക് വഴിയില്ലാതെ സചിൻ പ്രയാസപ്പെട്ടു. കേരളത്തിന് ഫുട്‌ബോൾ സീസൺ ഏറെ പ്രധാനമാണെന്നും എല്ലാവരുടെയും പിന്തുണയും ആശംസയും പ്രാർഥനയും വേണമെന്നും സചിൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാനാണ് വന്നത്. മുഖ്യമന്ത്രി മാത്രമല്ല, നിങ്ങളുടെയെല്ലാം സാന്നിധ്യം അഭ്യർഥിക്കുകയാണ്. കഴിഞ്ഞ സീസൺ ആവേശകരമായിരുന്നു, കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചു. തിരിച്ചടികൾക്കിടയിലും ഒത്തൊരുമയോടെ കളിച്ച ടീം ഒന്നാന്തരം പ്രകടനമാണ് നടത്തിയത്. ജയിക്കുക മാത്രമല്ല കളി, കളിക്കാർ ആരാധകരുടെ ഹൃദയം കീഴടക്കണം. കേരളത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്ന ആയിരത്തിയെണ്ണൂറോളം കുട്ടികളുണ്ട്. നിങ്ങളെല്ലാവരും ഞങ്ങളെ പിന്തുണക്കണം -സചിൻ പറഞ്ഞു.
കൂടിക്കാഴ്ചക്കു ശേഷം സചിനുമൊത്തുള്ള ഫോട്ടൊ മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷവും സചിൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതിനു ശേഷമാണ് കേരളത്തിൽ അക്കാദമി തുടങ്ങാനുള്ള തീരുമാനം സചിൻ പ്രഖ്യാപിച്ചത്.