Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ ഉദ്ഘാടനം കൊച്ചിയിൽ

ന്യൂദൽഹി - നാലാമത് ഐ.എസ്.എൽ ഫുട്‌ബോൾ സീസണിന്റെ ഉദ്ഘാടനം കൊച്ചിയിലേക്കു മാറ്റി. ഈ സീസണിലെ ഫൈനൽ കൊൽക്കത്തയിൽ നടത്താമെന്ന് ധാരണയിലെത്തിയ സാഹചര്യത്തിലാണ് ഉദ്ഘാടന വേദിയും ഉദ്ഘാടന മത്സരവും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഈ മാസം 17 നാണ് കൊച്ചിയിൽ ഉദ്ഘാടന മത്സരം നടക്കുക. 
കൊൽക്കത്തയിൽ സംഘടിപ്പിച്ച അണ്ടർ-17 ലോകകപ്പ് ഫൈനൽ വൻ വിജയമായ സാഹചര്യത്തിലാണ് ഐ.എസ്.എൽ ഫൈനലും അവിടെ നടത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. 2014 ൽ വർണശബളമായ ഉദ്ഘാടനത്തോടെ ഐ.എസ്.എൽ യാത്ര തുടങ്ങിയത് കൊൽക്കത്തയിൽ നിന്നാണ്. അടുത്ത മാർച്ച് 17 ന് ആദ്യമായി കൊൽക്കത്ത ഐ.എസ്.എൽ ഗ്രാന്റ് ഫിനാലെക്ക് ആതിഥ്യമരുളും -സംഘാടകർ പറഞ്ഞു.
കേരളാ ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ് കൊച്ചിയിലെ ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ എ.ടി.കെയുമായുള്ള എവേ മത്സരം 2018 ഫെബ്രുവരി ഒമ്പതിന് കൊൽക്കത്തയിലാണ്. മറ്റു മത്സരക്രമത്തിലൊന്നും മാറ്റമില്ലെന്നും സംഘാടകർ അറിയിച്ചു. 
2017-18 സീസണിൽ പത്തു ടീമുകളാണ് പങ്കെടുക്കുന്നത്. ടാറ്റാ എഫ്.സിയും ബംഗളൂരു എഫ്.സിയുമാണ് പുതിയ ടീമുകൾ. കഴിഞ്ഞ മൂന്നു സീസണിലേതിൽ നിന്ന് വ്യത്യസ്തമായി പുതിയ സീസൺ അഞ്ചു മാസത്തോളം നീളും. 
 

Latest News