Sorry, you need to enable JavaScript to visit this website.

തെലങ്കാന ജനത ബി.ജെ.പിയെ പിടിച്ചു കെട്ടുമെന്ന് ഉവൈസി

ഹൈദരാബാദ്- തെലങ്കാന ജനത ബി.ജെ.പിയെ കാലു നീട്ടാന്‍ അനുവദിക്കില്ലെന്നും പിടിച്ചുകെട്ടുമെന്നും ജനാധിപത്യ രീതിയില്‍ അവരോട് പൊരുതുമെന്നും എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.

ഹൈദരാബാദ് ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളിലാണ് മജ്‌ലിസ് വിജയിച്ചത്.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോര്‍പ്പറേറ്റര്‍മാരുമായും താന്‍  സംസാരിച്ചുവെന്നും അവരോട് നാളെ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണെന്നും ഉവൈസി പറഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസ് ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് കേര്‍പറേഷന്‍ വോട്ടെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നത്. തെലങ്കാനയുടെ പ്രാദേശിക വികാരത്തെയാണ് ടി.ആര്‍.എസ് പ്രതിനീധികരിക്കുന്നത്.  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം കെ. ചന്ദ്രശേഖര്‍ റാവു അവലോകനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉവൈസി പറഞ്ഞു.

അതിനിടെ, ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ചതിന്  തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ അമിത് ഷാ ട്വീറ്റില്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന രാഷ്ട്രീയത്തിലാണ് തെലങ്കാനയിലെ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചരിക്കുന്നത്. ഇതാണ്  തെലങ്കാനയിലെ മികച്ച നേട്ടത്തിനു കാരണം-അദ്ദേഹം പറഞ്ഞു.

ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകളാണ് നേടിയത്. 55 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടി.ആര്‍.എസിനേക്കാള്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് കുറവ്.
2016 ലെ ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളെ അപേക്ഷിച്ച് ടിആര്‍എസിന് സീറ്റുകള്‍ കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം ദുബ്ബാക്ക് നിയമസഭാ സീറ്റില്‍ വിജയിച്ചതിനു പിന്നാലെയാണ് തെലങ്കാനയില്‍ ബി.ജെ.പിയുടെ ശക്തമായ പ്രകടനം.  ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്നാണ് ദുബ്ബാക് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്.  ജിഎച്ച്എംസി തെരഞ്ഞെടുപ്പിലെ 150 സീറ്റുകളില്‍ 149 എണ്ണത്തിലാണ് ഫലം പ്രഖ്യാപിച്ചത്. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം 44 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

 

Latest News