മുംബൈ- കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശിവസേനയും ഒരുമിക്കുന്നെന്ന് സംശയമുണർത്തി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തി. ബംഗാൾ ആഗോള വ്യവസായ സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിക്കാനാണ് മമത മുംബൈയിൽ എത്തിയത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ചർച്ചയായതായാണ് സൂചന.
സമ്മേളനത്തിലേക്ക് പ്രമുഖ വ്യവസായികളെയും കമ്പനികളെയും നേരിൽ ക്ഷണിക്കാനാണ് മമത എത്തിയതെങ്കിലും ശിവസേനയുമായുള്ള കൂടിക്കാഴ്ചയായിരുന്നു മുഖ്യം. എൻ.ഡി.എ സഖ്യകക്ഷിയായിട്ടും ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എതിരെ വിമർശങ്ങൾ ഉന്നയിക്കുന്ന പാർട്ടിയാണ് ശിവസേന. കേന്ദ്രത്തിന്റെ അഭിമാന പദ്ധതികളായ നോട്ടു നിരോധം, ജി.എസ്.ടി എന്നിവക്കെതിരെയും വളർച്ചാ നിരക്ക് കുറഞ്ഞപ്പോഴും പ്രധാനമന്ത്രിക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു.
ആധാർ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ നിരന്തരം പട പൊരുതുന്ന നേതാവാണ് മമത. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പല കാര്യത്തിലും അവർ വെല്ലുവിളിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടു നിരോധം എന്നു പറഞ്ഞ മമത, നവംബർ എട്ടിന് കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മമത-ഉദ്ധവ് കൂടിക്കാഴ്ച പ്രാധാന്യമേറിയതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മുംബൈയിൽ മമത താമസിക്കുന്ന ഹോട്ടലിൽ എത്തിയായിരുന്നു ശിവസേനയുടെ കൂടിക്കാഴ്ച. വെള്ളിയാഴ്ച മമത കൊൽക്കത്തക്കു മടങ്ങും. അതിനകം നിരവധി വ്യവസായികളെയും ബാങ്കുകളെയും കണ്ടുതീർക്കാനാണു പദ്ധതി. മുൻപും തൃണമൂലും ശിവസേനയും സഹകരിച്ചിട്ടുണ്ട്. നോട്ടു നിരോധ സമയത്ത് ഇരുവരും ബി.ജെ.പിക്കെതിരായി നിലകൊണ്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികളിൽ കൂറുമാറ്റവും മുന്നണി മാറ്റങ്ങളും സജീവമാണ്.