റിയാദ്- ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി അറേബ്യ.
ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ട്വീറ്റ് ചെയ്തു.
മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിന് നടത്തുന്ന മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായ ചര്‍ച്ചകള്‍ വിജയകരമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ശൈഖ് അഹ്മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് അറിയിച്ചതിനു പിന്നാലെയാണ് സൗദിയുട പ്രതികരണം.
ഗള്‍ഫില്‍ അനുരഞ്ജനം സാക്ഷാല്‍ക്കരിക്കാനുള്ള താല്പര്യം ബന്ധപ്പെട്ട എല്ലാ കക്ഷികളും സ്ഥിരീകരിച്ചതായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.