ന്യൂദല്‍ഹി- ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ദല്‍ഹിയിലെ കാനഡ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി താക്കീതു നല്‍കി. കാനഡയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കി. കാനഡ പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും ഇന്ത്യയിലെ കര്‍ഷകരെ കുറിച്ചു നടത്തിയ അഭിപ്രായ പ്രകടനം അസ്വീകാര്യവും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ ഭാവി ബന്ധത്തെ അത് സാരമായി ബാധിക്കുമെന്നും താക്കീതു നല്‍കി.
സിഖ് മതസ്ഥാപനകന്‍ ഗുരു നാനകിന്റെ 551ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ചത്.