സിത്‌വേ, മ്യാൻമർ- ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകൾ പലായനം ചെയ്യേണ്ടിവന്ന കലാപത്തിന്റെ കേന്ദ്രമായ റാഖൈൻ സംസ്ഥാനം ഇതാദ്യമായി മ്യാൻമർ നേതാവ് ഓങ്‌സാൻ സൂചി സന്ദർശിച്ചു. ആറ് ലക്ഷത്തിലേറെ റോഹിംഗ്യകളാണ് ഇതിനകം സൈന്യത്തിന്റെ ആക്രമണം ഭയന്ന് സ്ഥലംവിട്ടത്. ഇതിൽ ഭൂരിപക്ഷവും ബംഗ്ലാദേശിലേക്കാണ് കടന്നത്.
പരസ്പരം ശണ്ഠ കൂടരുതെന്ന് ജനങ്ങളോട് സൂചി അഭ്യർഥിച്ചു. റാഖൈനിൽ രൂക്ഷമായ വംശീയ ഉന്മൂലനം നടന്നിട്ടും ഇതുവരെ നൊബേൽ സമാധാന സമ്മാനം നേടിയ സൂചി അവിടം സന്ദർശിക്കാത്തത് ഏറെ രാജ്യാന്തര വിമർശത്തിനിടയാക്കിയിരുന്നു. എന്നാൽ വംശീയ ഉന്മൂലന ആരോപണം മ്യാൻമർ തള്ളുകയായിരുന്നു. റോഹിംഗ്യ കലാപകാരികൾ ഉത്തര റാഖൈനിലെ സുരക്ഷാ പോസ്റ്റുകൾക്ക് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നാണ് അവരുടെ വിശദീകരണം.
ഇന്നലെ കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് സൂചി റാഖൈനിൽ എത്തിയത്. സിത്‌വേയിൽനിന്ന് സൈനിക ഹെലികോപ്റ്ററിലാണ് അവർ വന്നത്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച മൗങ്‌ദോ ജില്ലയിലാണ് അവർ ആദ്യം സന്ദർശനം നടത്തിയത്. അവിടെ മുസ്‌ലിം മത നേതാക്കളുമായി അവർ ചർച്ച നടത്തി. മൂന്നു കാര്യങ്ങളാണ് സൂചി പറഞ്ഞതെന്ന് അരാകാൻ പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ ക്രിസ് ലിവ പറഞ്ഞു. സമാധാനപരമായി ജീവിക്കുക, സർക്കാരിന്റെ എല്ലാ സഹായങ്ങളുമുണ്ടാകും, പരസ്പരം ശണ്ഠ കൂടരുത്.
അതിനിടെ, മ്യാൻമർ അഭയാർഥികൾമൂലം ബംഗ്ലാദേശ് അനുഭവിക്കുന്ന മാനുഷിക പ്രശ്‌നങ്ങൾ പഠിക്കാനും വിലയിരുത്താനും യു.എസ് വിദേശകാര്യ വകുപ്പിന്റെ പ്രതിനിധി സംഘം ഇന്ന് ബംഗ്ലാദേശിലെത്തും. ആക്ടിംഗ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സിമോൺ ഹെൻഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഇപ്പോഴും ബംഗ്ലാദേശിലേക്ക് റോഹിംഗ്യൻ അഭയാർഥികൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ചിലർ ബോട്ടുകളിലും മറ്റുചിലർ ചങ്ങാടങ്ങളിലുമായി അപകടകരമായ രീതിയിലാണ് നാഫ് നദി മുറിച്ചു കടന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുന്നത്. കുട്ടികളേയും തൊട്ടിലിൽ കിടത്തി ഭൂരിപക്ഷവും നടന്നാണ് നീങ്ങുന്നത്. പ്രായം ചെന്നവരും സ്ത്രീകളും ഏറെ വിഷമിക്കുന്നുണ്ട്.