ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഇരു കുടുംബങ്ങളുടേയും സമ്മതത്തോടെയും മതം മാറാതെയും നടക്കാനിരുന്ന വിവാഹം പോലീസ് എത്തി തടഞ്ഞു. ചടങ്ങിനു തൊട്ടുമുമ്പാണ് പോലീസ് വേദിയിലെത്തി വിവാഹം മുടക്കിയത്. മതപരിവര്‍ത്തനത്തിനെതിരായ നിയമം ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ പോലീസ് ഹിന്ദു-മുസ്ലിം വിവാഹത്തിനെതിരെ നടപടി കൈക്കൊണ്ടത്.
രണ്ട് മതങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ പുതുതായി പ്രഖ്യാപിച്ച നിയമത്തിന് അനുസൃതമായി ഉചിതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പോലീസ് അധികൃതര്‍ അവകാശപ്പെട്ടു.
ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ശുക്ലയിലൂടെയാണ് വിവാഹ ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വിവാഹവുമായി മുന്നോട്ട് പോകുന്നതിനുമുമ്പ് വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാന്‍ സമ്മതിച്ചതിനാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ കേസെടുത്തിട്ടില്ല.
നഗര പ്രാന്തത്തിലുള്ള പാരാ പ്രദേശത്ത്, താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ദുഡാ കോളനിയിലാണ് വധു റെയ്‌ന ഗുപ്ത, വരന്‍ മുഹമ്മദ് ആസിഫ് (24) എന്നിവരുടെ വിവാഹം നടക്കാനിരുന്നത്.
റെയ്‌നക്ക് കെമിസ്ട്രി ബിരുദാനന്തര ബിരുദവും ആസിഫിന് ഫാര്‍മസിയില്‍ ഡിപ്ലോമയുമുണ്ട്.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സമ്മതിച്ചതിനാല്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും സൗത്ത് സോണ്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു.
ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റില്‍ നിന്ന് റെയ്‌നയുടെയും ആസിഫിന്റെയും വിവാഹത്തെക്കുറിച്ച് രേഖാമൂലമുള്ള വിവരം ലഭിച്ചതിനു ശേഷമാണ് പോലീസ് സംഘത്തെ വിവാഹ വേദിയിലേക്ക് അയച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധ ഓര്‍ഡിനന്‍സ് പ്രകാരം ഇത്തരമൊരു വിവാഹത്തിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന കാര്യം കുടുംബങ്ങളെ ബോധ്യപ്പെടുത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ത്രിലോകി സിംഗ് പറഞ്ഞു.
ഒരു വ്യക്തിയും മതപരിവര്‍ത്തനം നടത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി.
വേദിയിലെത്തിയപ്പോള്‍, ഹിന്ദു ആചാര പ്രകാരം വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. തുടര്‍ന്ന് മുസ്‌ലിം ആചാരാ പ്രകാരമുള്ള ചടങ്ങും നടത്താനായിരുന്നു നീക്കം.
വിവാഹത്തിന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും രണ്ട് കുടുംബങ്ങളും നിരുപാധികമായി വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടെന്നും വധുവിന്റെ പിതാവ് വിജയ് ഗുപ്ത അവകാശപ്പെട്ടു.
രണ്ടു വിഭാഗത്തിന്റേയും സമ്മതത്തിനുശേഷവും ജില്ലാ മജിസ്‌ട്രേറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ മിശ്ര വിവാഹങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് അറിയാമായിരുന്നില്ലെന്നും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.