ന്യൂദല്‍ഹി- ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹരജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സി.ബി.ഐ അപ്പീല്‍.
പിണറായി വിജയന്‍ അടക്കമുള്ളവരെ രണ്ട് കോടതികള്‍ വെറുതെ വിട്ടതാണെന്നും അതിനാല്‍ കേസില്‍ ശക്തമായ വാദവുമായി വേണം വരാനെന്നും ഒക്‌ടോബര്‍ എട്ടിന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സി.ബി.ഐയെ ഉണര്‍ത്തിയിരുന്നു.
തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിന് രണ്ടാഴ്ച സാവകാശം വേണമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി.രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് വിധിച്ചിരുന്നു.