ന്യൂദല്‍ഹി- ദല്‍ഹിയില്‍ വന്‍പ്രക്ഷോഭവുമായി എത്തിയ കര്‍ഷകരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചയും ഫലം കണ്ടില്ല. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. കരിനിയമങ്ങളെന്നു വിളിക്കപ്പെടുന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. മൂന്നു നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങുവില സംവിധാനം സംരക്ഷിക്കാന്‍ മറ്റൊരു നിയമം കൊണ്ടുവരാമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും കര്‍ഷകര്‍ തൃപ്തരായില്ല. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞതൊന്നും തങ്ങളെ തൃപ്തരാക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. കൃഷി മന്ത്രി നരേന്ദ്ര തോമറിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരും പങ്കെടുത്തു. അടുത്ത ചര്‍ച്ച ശനിയാഴ്ച നടക്കും.
അതേസമയം ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജഗ്‌മോഹന്‍ സിങ് പറഞ്ഞു. ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഭാവി നീക്കം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ഭേദഗതി ചെയ്യാമെന്ന് പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് ശങ്കര്‍ ദരേക്കര്‍ പറഞ്ഞു.
'ഞങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇന്ന് ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഞങ്ങളുടെ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്,' ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന ലോക് സംഘര്‍ഷ് മോര്‍ച്ച പ്രസിഡന്റ് പ്രതിഭാ ഷിന്‍ഡെ പറഞ്ഞു.
കൂടുതല്‍ നിയമപരമായ അവകാശങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. മിനിമം താങ്ങുവില തുടരുമെന്നും ഇത് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.