Sorry, you need to enable JavaScript to visit this website.

പ്രഭാഷണ കലയുടെ ഇസ്‌ലാമിക രീതിശാസ്ത്രം  


മനസ്സിലാക്കിയ വസ്തുതകളെ സത്യസന്ധമായി മറ്റുള്ളവർക്ക് ഹൃദ്യമായ ഭാഷയിൽ വിവരിച്ചുകൊടുക്കുന്ന കലയാണ് പ്രഭാഷണം. സാഹിത്യത്തിന്റെ വാമൊഴി രൂപമാണത്.  
ഇസ്‌ലാമിക പ്രബോധനത്തിന്റെ മാർഗത്തിൽ പ്രഭാഷണ കലക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പ്രവാചകന്മാരും അവരുടെ അനുയായികളും പ്രഭാഷണത്തെ ശരിയായ ദിശയിൽ ഉപയോഗിച്ചിരുന്നവരാണ്. സംസാര വൈഭവം എന്നർത്ഥം വരുന്ന 'ഖിതാബത്ത്' എന്ന പദമാണ് പ്രഭാഷണത്തിന് അറബിയിൽ ഉപയോഗിക്കുന്നത്. 
ദാവൂദ് നബി (അ) യെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുമ്പോൾ അദ്ദേഹത്തിന് നൽകിയ ഒട്ടേറെ അനുഗ്രഹങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിൽ പ്രാധാന്യപൂർവം എടുത്തുപറഞ്ഞ കാര്യമാണ് 'ഫസ്‌ലുൽ കിത്താബ്'. ഖുർആൻ പറയുന്നു: 'അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീർപ്പു കൽപിക്കുവാൻ വേണ്ട സംസാര വൈഭവവും നൽകുകയും ചെയ്തു.' (38:20),  


ഇസ്‌ലാമിക ചരിത്രത്തിൽ ഓരോ പ്രവാചകന്മാരെ കുറിച്ചുമുള്ള ചരിത്രം പരിശോധിക്കുമ്പോൾ അവർക്ക് ലഭിച്ച ദിവ്യസന്ദേശങ്ങളെ ശരിയായ വിധത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി അവർ ജനങ്ങൾക്ക് മുമ്പിൽ പ്രഭാഷണങ്ങൾ നിർവഹിച്ചിരുന്നു എന്നു കാണാം.  പ്രസ്തുത പ്രഭാഷണങ്ങൾ കേവലം സാഹിത്യ പ്രയോഗങ്ങളോ ജനങ്ങളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ശൈലീ വിലാസങ്ങളോ ആയിരുന്നില്ല. 
തന്റെ വാചകക്കസർത്തുകളിലൂടെ ജനങ്ങളെ വശീകരിച്ചെടുക്കുന്നവരായിരുന്നില്ല പ്രവാചകന്മാർ. നൂഹ് നബിയുടെ പ്രബോധന വാക്യങ്ങളിൽ ജനങ്ങളെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന പ്രഭാഷണ രൂപമാണ് കാണുവാൻ സാധിക്കുന്നത്. 


'എന്റെ ജനങ്ങളെ, തീർച്ചയായും ഞാൻ നിങ്ങൾക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ. എങ്കിൽ അവൻ നിങ്ങൾക്കു നിങ്ങളുടെ പാപങ്ങളിൽ ചിലത് പൊറുത്തുതരികയും നിർണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹുവിന്റെ അവധി വന്നാൽ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ.' (സൂറത്തു നൂഹ് 24). അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ വലിച്ചുനീട്ടലുകളില്ല; വലിയ പദവിന്യാസവുമില്ല. പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ നേർക്കുനേരെ പറയുന്ന ശൈലിയായിരുന്നു അത്. 'നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കു വന്നു ഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.' (7:59).  
ഏകദൈവത്വത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമുള്ള (തൗഹീദും ആഖിറത്തും) നേർക്കു നേരെയുള്ള ഉപദേശമായിരുന്നു അവ. 
നൂഹ് നബിയുടെ മാത്രമല്ല, പിന്നീടു വന്ന പ്രവാചകന്മാരുടെയെല്ലാം ശൈലികൾ അങ്ങനെത്തന്നെയായിരുന്നു. ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള യാതൊന്നും അതിൽ കാണാൻ കഴിയില്ല. ജനങ്ങളുടെ ആക്ഷേപങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും അവർ അല്ലാഹുവിനോട് ആവലാതികൾ ബോധിപ്പിക്കുകയല്ലാതെ അവരുടെ പ്രഭാഷണങ്ങൾ ഒരിക്കലും ജനങ്ങൾ നിശ്ചയിക്കുന്ന വിഷയങ്ങളിലേക്കോ അവർക്ക് മറുപടി പറയുന്നതിലേക്കോ വഴിമാറി പോവാറുണ്ടായിരുന്നില്ല. 


കാര്യങ്ങൾ വസ്തുനിഷ്ഠമായി പറഞ്ഞുകൊടുക്കേണ്ടവർ മാത്രമാണ് അവരെന്നും സ്വീകരണവും തിരസ്‌കരണവും വ്യക്തിഗതമായ കാര്യങ്ങളാണെന്നും അതിനു വേണ്ടി ആരെയും നിർബന്ധിക്കേണ്ടതില്ലെന്നുമുള്ള ബോധ്യം അവർക്കുണ്ടായിരുന്നു. സാധിക്കുന്നത്ര ഇസ്‌ലാഹ് (പരിഷ്‌കരണം) നടത്തുകയായിരുന്നു അവരുടെ പ്രഭാഷണങ്ങൾ കൊണ്ട് അവരെല്ലാം ഉദ്ദേശിച്ചിരുന്നത്. ശുഐബ് നബിയുടെ പ്രബോധനത്തെ വിശദീകരിച്ചുകൊണ്ട് ഖുർആൻ പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവൻ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നൽകിയിരിക്കുകയുമാണെങ്കിൽ എനിക്കെങ്ങനെ സത്യം മറച്ചു വെക്കാൻ കഴിയും.  നിങ്ങളെ ഞാൻ ഒരു കാര്യത്തിൽ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളിൽ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാൻ തന്നെ അത് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. സാധ്യമായത്ര നൻമ വരുത്താനല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് അതിന് അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനിലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.' (11:88). 


മൂസാ നബിക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ആശങ്ക അദ്ദേഹത്തിന് വേണ്ടത്ര സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള കഴിവില്ലായ്മയെ കുറിച്ചായിരുന്നു. അദ്ദേഹം അല്ലാഹുവിനോട് ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു: 'എന്റെ സഹോദരൻ ഹാറൂൻ എന്നേക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവർ എന്നെ നിഷേധിച്ച് കളയുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു.' (28:34).  'എന്റെ ഹൃദയം ഞെരുങ്ങിപ്പോകും എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല അതിനാൽ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ' (26:13).  പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് വ്യക്തവും ലളിതവുമായിത്തീരുക എന്നതാണ് ഒരു പ്രഭാഷകന്റെ യഥാർത്ഥ കഴിവ്. അങ്ങനെ സാധിക്കാത്ത പക്ഷം അതിനു കഴിവുള്ള ഒരാളുടെ സഹായം തേടുകയാണ് വേണ്ടത് എന്നും ഖുർആൻ വ്യക്തമാക്കുന്നു. 


ഇസ്‌ലാമിക വിഷയങ്ങൾ സംസാരിക്കേണ്ടത് സൗമ്യമായ ഭാഷയിലായിരിക്കണം. പ്രവാചകൻ വിശുദ്ധ ഖുർആൻ കേൾപ്പിക്കുന്നതും അദ്ദേഹം ഉപദേശങ്ങൾ നൽകുന്നതും അങ്ങനെയായിരുന്നു. വളരെ സാവകാശം വാക്കുകൾ മുറിച്ചു മുറിച്ചു കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കയർക്കുന്ന വിധത്തിലോ അട്ടഹസിക്കുന്ന രൂപത്തിലോ അദ്ദേഹം പ്രഭാഷണം നടത്തിയതായി കാണാൻ കഴിയില്ല. അതേസമയം വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നു പോകുവാനും പാടില്ല. ജനങ്ങളെ ആവേശഭരിതരാക്കുക എന്നതായിരിക്കരുത് ഒരു പ്രഭാഷകന്റെ ലക്ഷ്യം. പ്രഭാഷണത്തിനിടക്ക് അറിയാതെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് സഞ്ചരിക്കുന്ന പല പ്രഭാഷകരും ശ്രോതാക്കൾക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കാണാൻ സാധിക്കും. പലരും പെട്ടെന്നുണ്ടാകുന്ന വികാരത്തിനടിപ്പെട്ടായിരിക്കും സംസാരിക്കുക. പ്രവാചകന്മാരിൽ ഒരാൾക്കും ഇങ്ങനെയുള്ള ശൈലികൾ ഉണ്ടായിരുന്നില്ല. എത്ര തന്നെ പ്രകോപനമുണ്ടായാലും എത്ര തന്നെ കൈയടികൾ ലഭിച്ചാലും അവരുടെ പ്രഭാഷണങ്ങൾക്ക് ഇളക്കം തട്ടുമായിരുന്നില്ല. 
പരലോകത്തെ കുറിച്ചുള്ള പ്രവാചകന്റെ പ്രഭാഷണങ്ങൾ വളരെ ഗൗരവത്തോടെയായിരുന്നു. ചൂണ്ടുവിരലും നടുവിരലും ചേർത്തുപിടിച്ചുകൊണ്ട് 'ഇതാ ഞാനും അന്ത്യനാളും ഇപ്രകാരമാകുന്നു നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഉയരുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ ചുവക്കുമായിരുന്നു, അദ്ദേഹത്തിന്റെ ഗൗരവം വർധിക്കുമായിരുന്നു. ഇങ്ങനെ വിഷയത്തിന്റെ യോഗ്യതകൾക്കനുസരിച്ചുള്ള ശൈലികൾ അദ്ദേഹം സ്വീകരിക്കുമായിരുന്നു.   ആരോടാണോ സംസാരിക്കുന്നത് അവരെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള വാചകങ്ങളും ശൈലികളുമായിരിക്കണം പ്രഭാഷകർ ഉപയോഗിക്കേണ്ടത്. ജനങ്ങൾ വ്യത്യസ്ത തരക്കാരാണ്. വലിയ സാഹിത്യകാരന്മാരോട് അവരുടെ ശൈലികളിലും സാധാരണക്കാരോട് അവർക്ക് ഉചിതമാകുന്ന വിധത്തിലുമായിരിക്കണം പ്രഭാഷണം നടത്തേണ്ടത്. 


പ്രവാചകാനുയായികളിൽ ജഅഫർ ബ്‌നു അബീ ത്വാലിബ് എത്യോപ്യയിലെ നജ്ജാശിക്ക് മുമ്പിൽ നടത്തിയ പ്രഭാഷണം വളരെ പ്രസിദ്ധമാണ്.  ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ ഉതകുന്ന വിധത്തിലുള്ള കൃത്യമായ പദങ്ങളും ശൈലികളുമായിരുന്നു അദ്ദേഹത്തിന്റേത്. അബൂബക്കർ, ഉമർ, ഉഥ്മാൻ, അലി തുടങ്ങിയവരും അറിയപ്പെടുന്ന പ്രഭാഷകരായിരുന്നു. ഥാബിത്ത് ബ്‌നു ഖൈസ് (റ) പ്രവാചകന്റെ പ്രഭാഷകൻ ഖതീബു റസൂൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെ പ്രഭാഷണങ്ങളിൽ ഒന്നിലും അതിരു വിട്ട ശൈലികളോ പ്രയോഗങ്ങളോ കാണാൻ സാധിക്കില്ല.


പ്രഭാഷണ ശൈലികൾ ഒരിക്കലും തീവ്രമാകാൻ പാടില്ല. പ്രവാചകൻ (സ്വ) പറഞ്ഞു: 'തീവ്രമായി സംസാരിക്കുന്നവർ നശിക്കട്ടെ'. (മുസ്‌ലിം). മറ്റൊരിക്കൽ പ്രവാചകൻ (സ്വ) പറഞ്ഞു: 'തീർച്ചയായും, ഒരു പശു നാവ് ചലിപ്പിക്കുന്ന പോലെ നാവ് ചലിപ്പിക്കുന്ന വാചാലനായ വ്യക്തിയെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.' (തുർമുദി, അബൂദാവൂദ്). കൂടുതൽ വാചാലനാവുകയോ തന്നിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയോ ചെയ്യുക എന്നതല്ല ഒരു യഥാർത്ഥ പ്രഭാഷകൻ ഉദ്ദേശിക്കേണ്ടത്. മറിച്ച് താൻ നിർവഹിക്കുന്ന ദൗത്യത്തിന്റെ മഹത്വം മനസ്സിലാക്കി, പ്രവാചകന്മാർ നിർവഹിച്ച മഹോന്നതമായ ഉത്തരവാദിത്തമാണ് തന്നിലൂടെ നിർവഹിക്കപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ് മിതമായ ശൈലി സ്വീകരിക്കുകയാണ് വേണ്ടത്. ജനങ്ങൾ ഇഷ്ടപ്പെടുന്നത് പ്രഭാഷകന്റെ ശൈലിയെയാണെങ്കിൽ അവിടെ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് ദൈവിക വചനങ്ങളുടെ യഥാർത്ഥ വിജ്ഞാനമായിരിക്കും. 


ജനങ്ങളെ അത്ഭുതപ്പെടുത്തി പ്രഭാഷണം നിർവഹിക്കാൻ കഴിവുള്ളവർ പണ്ടുമുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് കിഴക്കുനിന്നും രണ്ടു പേർ വന്നു പ്രസംഗിച്ചത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ അതിൽ ആകൃഷ്ടരായി അതിനെ കുറിച്ച് വലിയ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾ പ്രവാചകൻ പറഞ്ഞു: 'ഇന്ന മിനൽ ബയാനി ല സിഹ്‌റൻ'.  'നിശ്ചയം, ചില പ്രഭാഷണങ്ങൾക്ക് മാസ്മരികതയുണ്ട്.'  മാസ്മരികതക്ക് പ്രവാചകൻ ഉപയോഗിച്ച സിഹ്ർ എന്ന പദത്തെ കുറിച്ച് പണ്ഡിതന്മാർ വളരെയധികം ചർച്ച ചെയ്തിട്ടുണ്ട്. 
'വ്യർത്ഥമായതിനെ സത്യമെന്നു തോന്നിക്കുന്നത്' എന്നാണ് സിഹ്ർ എന്ന് ഇവിടെ ഉപയോഗിച്ചതിന്റെ വിവക്ഷ എന്നാണ് പണ്ഡിതാഭിപ്രായം. പ്രമാണങ്ങളെ അവലംബമാക്കി സത്യം മാത്രം ജനങ്ങളോട് പറയുന്നതിന് ആകർഷകമായ പദങ്ങളും ശൈലികളും ഉപയോഗിക്കാം. പക്ഷേ, ഒരു മാജിക് പോലെ അസത്യമായ കാര്യങ്ങൾ സത്യമെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ശൈലികളും പ്രയോഗങ്ങളും ഒരിക്കലും ഒരു പ്രഭാഷകനിൽ നിന്നും ഉണ്ടാവാൻ പാടില്ല എന്നാണ് പ്രവാചകൻ ഇതിലൂടെ പഠിപ്പിച്ചത്. 


പ്രഭാഷണം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കാനുള്ള ഏർപ്പെടായിരിക്കരുത്. ഇസ്‌ലാമിക അധ്യാപനങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെടുന്ന പ്രഭാഷണ പരിപാടികളിലൂടെ ലക്ഷങ്ങൾ നേടിയെടുക്കണമെന്ന ഉദ്ദേശ്യമാണുള്ളതെങ്കിൽ തീർച്ചയായും അത് അല്ലാഹുവിങ്കൽ ശിക്ഷാർഹമായിരിക്കും. പ്രവാചകന്മാർ പറഞ്ഞത് ഇപ്രകാരമാണ്: 'അതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ.' (42:23).  ജനങ്ങൾക്ക് സത്യസന്ദേശങ്ങൾ പകർന്നുകൊടുക്കുമ്പോൾ അവർ നൽകുന്ന സ്‌നേഹവും പ്രാർത്ഥനയുമാണ് പ്രധാനം. അവർ വെച്ചുനീട്ടുന്ന കറൻസികളല്ല എന്നർത്ഥം. 
ഇസ്‌ലാം പലപ്പോഴും പ്രതിരോധത്തിലാവുന്നത് ചില പ്രഭാഷണങ്ങളുടെ പേരിലാണ്.  പ്രഭാഷണങ്ങളുടെ ഇസ്‌ലാമിക രീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കാതെ വാതോരാതെ സംസാരിച്ച് ഇസ്‌ലാമിക വിഷയങ്ങളുടെ വിശ്വാസ്യതയും പ്രാമാണ്യവും നഷ്ടപ്പെടുത്തുന്ന പ്രവണതകളിൽ നിന്നും ഇസ്‌ലാമിക പ്രബോധകരും പ്രഭാഷകരും വിട്ടുനിൽക്കേണ്ടത് കാലം തേടുന്ന അനിവാര്യതകളിലൊന്നാണ്.

Latest News