Sorry, you need to enable JavaScript to visit this website.

ബാഗ് ബസിൽ നഷ്ടമായ റഷ്യക്കാരന് പോലീസിന്റെ തുണ 

കാസർകോട് - കെ.എസ്.ആർ.ടി.സി ബസിൽ ബാഗ് വെച്ച് ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരികെ എത്തിയപ്പോഴേക്കും ബസ് കാണാതായതോടെ അങ്കലാപ്പിലായ റഷ്യൻ യുവാവിനു പോലീസ് തുണയായി. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബർഗിൽനിന്നുള്ള കോൺസ്റ്റാന്റയിൻ ജെമോയിവ് ഇന്നലെ രണ്ടിന് മംഗളൂരു നിന്നു കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയതായിരുന്നു. 
കണ്ണൂരിലേക്കുള്ള ബസിൽ കയറി ബാഗ് വച്ച് പുറത്തിറങ്ങി. ഭക്ഷണം കഴിച്ച് മടങ്ങിയപ്പോൾ ബാഗ് വെച്ച ബസ് കാണാനില്ല. പാസ്‌പോർട്ട്, എ.ടി.എം കാർഡ് ഉൾപ്പെടെ എല്ലാ രേഖകളും പഴ്‌സും, വസ്ത്രങ്ങളും ബാഗിലായിരുന്നു. എല്ലാം നഷ്ടമായെന്നു കരുതി ഉടനെ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെത്തി. എസ്.ഐ യു.പി. വിപിനും ജനമൈത്രി പോലീസും യുവാവിനെ കൂട്ടി ഡിപ്പോയിൽ ചെന്നു.
ആ സമയത്ത് പോയ ബസുകളുടെ കണ്ടക്ടർമാരുടെ ഫോൺ നമ്പർ ശേഖരിച്ച് അവർക്ക് വിവരം നൽകി. ബാഗ് കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിൽ കിട്ടിയിട്ടുണ്ടെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. ഉടൻ സിവിൽ പോലീസ് ഓഫീസർമാരായ കെ.നരേന്ദ്രൻ, ടി.വി. രാഹുൽ, ചന്ദ്രഗിരി ലയൺസ് ക്ലബ് ഭാരവാഹികളായ ഒ.കെ.മഹമൂദ്, അബ്ദുൽ ഖാദർ തെക്കിൽ എന്നിവരുടെ കൂടെ ഇദ്ദേഹം കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിലെത്തി. 
ബാഗ് തിരിച്ചു കിട്ടിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ അനുഭവമായിരുന്നു. ബാഗ് നഷ്ടമായിരുന്നുവെങ്കിൽ ജയിലിൽ പോലും കഴിയേണ്ടി വരുമായിരുന്നു.
11 മാസം മുൻപ് ഇന്ത്യ കാണാനെത്തിയ കോൺസ്റ്റാന്റയിൻ ജെമോയിവ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ തന്നെ തങ്ങുകയായിരുന്നു. ഗോവയിൽനിന്നാണ് മംഗളൂരു വഴി ഇന്നലെ കേരളത്തിലെത്തിയത്.

Latest News