റിയാദ് - മേഖലയില്‍ അമേരിക്കയുടെ സഖ്യരാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും പോലുള്ള രാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്തി ഇറാനുമായി വേഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാന്‍ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങിയ ശേഷമാകും പുതിയ ചര്‍ച്ചകള്‍ ആരംഭിക്കുക. 2015 ലെ കരാറില്‍ ഒപ്പുവെക്കാത്ത, ഇറാന്റെ അയല്‍ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും പോലുള്ള രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഇറാനുമായുള്ള ചര്‍ച്ചകള്‍ വിപുലീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറാന്‍ എന്നീ രാജ്യങ്ങളാണ് 2015 ലെ ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചത്.
ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇക്കാര്യം ദുഷ്‌കരമാണ്... എങ്കിലും അതെ എന്ന് ബൈഡന്‍ മറുപടി നല്‍കി. ഇറാന്‍ ആണവ പദ്ധതിയില്‍ താല്‍പര്യം കാണിക്കുക എന്നതാണ് മേഖലയില്‍ കൂടുതല്‍ മികച്ച സ്ഥിരത കൈവരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ബൈഡന്‍ പറഞ്ഞു. ഇറാന്‍ ആണവായുധം നേടിയാല്‍ മധ്യപൗരസ്ത്യദേശത്ത് ആണവായുധ മത്സരം നടക്കും. ഇത്തരമൊരു സാഹചര്യം അഭിലഷണീയമല്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.