ന്യൂദല്‍ഹി- അബദ്ധത്തില്‍ തെറ്റായ ലിങ്കില്‍ ക്ലിക്കുചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ബോംബെ ഐഐടിയിലെ സീറ്റ് നഷ്ടപ്പെട്ടു. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 270 ാം റാങ്ക് നേടിയ 18 കാരനായ സിദ്ധാന്ത് ബാത്ര എന്ന വിദ്യാര്‍ത്ഥിക്കാണ് ദൗര്‍ഭാഗ്യകരമായ അനുഭവം.
ബോംബെ ഐഐടിയില്‍ നാല് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷിക്കാനാണ് ബാത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പ്രവേശന പ്രക്രിയയില്‍ നിന്ന് പിന്മാറുകയാണെന്ന തെറ്റായ ലിങ്കിലാണ് അബദ്ധത്തില്‍ ക്ലിക്ക് ചെയ്തത്. അബദ്ധം കണക്കിലെടുത്ത് പ്രവേശനം നല്‍കുന്നതിന് സ്ഥാപനത്തെ പ്രേരിപ്പിക്കാന്‍ വിദ്യാര്‍ഥി സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.
കോഴ്‌സിനുള്ള എല്ലാ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായെന്നും ശരിയായ പ്രവേശന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഐഐടി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഐഐടി പോര്‍ട്ടലില്‍ അപ്‌ലോഡുചെയ്ത വിദ്യാര്‍ത്ഥികളുടെ അവസാന പട്ടികയില്‍ ബാത്രയുടെ പേരില്ല.
പ്രവേശന പ്രക്രിയ അവസാനിച്ചുവെന്ന് കരുതി വെബ് സൈറ്റിലെ ഫ്രീസ് എന്ന ബട്ടനിലാണ് വിദ്യാര്‍ഥി ടാപ്പ് ചെയ്തിരുന്നതെന്ന് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
മാതാപിതാക്കള്‍ മരിച്ചുവെന്നും കഠിന പ്രയത്‌നത്തിലൂടെയാണ് ഐഐടി, ജെഇഇ പരീക്ഷകള്‍ പാസയതെന്നും ഹരജിയില്‍ പറഞ്ഞു. കുട്ടിക്കാലത്ത് പിതാവിനെ നഷ്ടപ്പെട്ട തന്നെ വളര്‍ത്തിയ അമ്മ 2018 ല്‍ മരിച്ചുവെന്നും വിദ്യാര്‍ഥി ബോധിപ്പിച്ചു.