Sorry, you need to enable JavaScript to visit this website.

 ബിജെപി ഐടി സെല്‍ മേധാവിയുടെ വീഡിയോ കൃത്രിമമെന്ന് ട്വിറ്റര്‍

ന്യൂദല്‍ഹി-വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി ട്വിറ്റര്‍. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ കൃത്രിമമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തി. ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധിയെന്ന തലക്കെട്ടോടെയുള്ള അമിത് മാളവ്യയുടെ ട്വീറ്റാണ് കൃത്രിമമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്.
നവംബര്‍ 28ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ വൈറല്‍ ചിത്രമാണ് അമിത് മാളവ്യയുടെ ട്വീറ്റിനാധാരം. ദല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ എത്തിയ വൃദ്ധനായ കര്‍ഷകന് നേരെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ലാത്തി വീശുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നത്. ഇത് വളരെ ദുഃഖകരമായ ചിത്രമാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പ്രധാനമന്ത്രി മോഡിയുടെ അഹങ്കാരം ജവാന്‍ കര്‍ഷകനെതിരെ നിലകൊള്ളുന്ന സ്ഥിതിയിലെത്തിച്ചുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി പങ്കുവെച്ച ചിത്രം ദുരുദ്ദേശ്യത്തോടുകൂടിയുള്ളതാണെന്നും കര്‍ഷകനെ ജവാന്‍ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും വിശദീകരിച്ചുകൊണ്ട് അമിത് മാളവ്യ ഒരു വീഡിയോ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതാണ് യാഥാര്‍ത്ഥ്യം എന്ന് സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്.
എന്നാല്‍ യഥാര്‍ത്ഥ വീഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്.

Latest News