ന്യൂദൽഹി- കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ആയുർവേദ, യോഗ, പ്രകൃതി ചികിത്സ വിഭാഗങ്ങൾക്ക് കീഴിൽ ഡേകെയർ തെറാപ്പി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശക്ക് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി. ആയുർവേദ, യോഗ, പ്രകൃതി ചികിത്സാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഡെകെയർ കേന്ദ്രങ്ങളെ കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതിക്ക് (സിജിഎച്ച്എസ്) കീഴിൽ ഉടൻതന്നെ ഉൾപ്പെടുത്തുന്നതാണ്. സിജി എച്ച്എസ്‌നു കീഴിൽ അലോപതി ചികിത്സ വിഭാഗത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഡേകെയർ തെറാപ്പി കേന്ദ്രങ്ങളുടെ മാതൃകയിൽ ആകും ഇവ.
വിരമിച്ചതോ നിലവിൽ ജോലി ചെയ്യുന്നതോ ആയ എല്ലാ കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതി ഗുണഭോക്താക്കൾക്കും ഈ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പദ്ധതി നടപ്പാക്കും. തുടർന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നത് പരിഗണിക്കുന്നതാണ്.
സി എച്ച് സി, പി എച്ച് സി, പോളി ക്ലിനിക് തുടങ്ങി, പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതും അംഗീകൃത ആയുഷ് വിദഗ്ധൻറെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ സംവിധാനങ്ങൾ നടപ്പാക്കുന്നതിനു സൗകര്യം ഉള്ളതുമായ ഇടങ്ങളാണ് ആയുഷ് ഡേ കെയർ കേന്ദ്രങ്ങൾ. എന്നാൽ ഇവിടങ്ങളിൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കുകയില്ല.