ന്യൂദല്‍ഹി- പോസ്റ്റല്‍ വോട്ടു ചെയ്യാനുള്ള സൗകര്യം വിദേശങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് വന്‍തോതിലുള്ള തിരിമറികള്‍ക്കും വോട്ടു വില്‍പ്പനയ്ക്കും വഴിയൊരുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനു പകരം മറ്റു പലരാജ്യങ്ങളും ചെയ്യുന്നതു പോലെ വിദേശങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പോളിങ് സ്റ്റേഷനുകള്‍ ഒരുക്കി വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ഗള്‍ഫ് രാജ്യങ്ങളില്‍ പല ഇന്ത്യക്കാരും അവരുടെ മാനേജര്‍മാരുടെ കീഴിലാണ്. ഇവര്‍ പാസ്‌പോര്‍ട്ട് പോലും പിടിച്ചുവച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. ഇവരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വേഗത്തില്‍ തിരിമറി നടത്തുകയും ലാഭത്തിനു വേണ്ടി വില്‍ക്കുകയും ചെയ്യാം,' യെച്ചൂരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റര്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കുന്ന തരത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേഗത്തിലാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ച പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
2014ല്‍ ഈ വിഷയം ആദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇതു പ്രായോഗികമല്ലെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. എങ്കിലും ബിജെപി ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്ല് പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസായില്ല- യെച്ചൂരി പറഞ്ഞു.