ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചാല്‍ രാജ്യത്തുടനീളം എല്ലാവര്‍ക്കും ഇതു നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍. ആവശ്യമായത്ര ജനങ്ങളില്‍ കൊറോണ വൈറസ് പ്രതിരോധ ആന്റിബോഡികള്‍ എത്തിച്ച് വൈറസ് പകര്‍ച്ചയുടെ ശൃംഖല മുറിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ തയാറായാല്‍ അത് ആദ്യം ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പോലീസ്, സൈനിക വിഭാഗങ്ങള്‍ക്കും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 50നു താഴെ പ്രായമുള്ള മറ്റുരോഗങ്ങള്‍ അലട്ടുന്നവര്‍ക്കുമാണ് പ്രതിരോധ മരുന്ന് നല്‍കുക എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല- ഭൂഷണ്‍ പറഞ്ഞു.
സയന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വസ്തുതാപരമായ വിവരങ്ങള്‍ അറിഞ്ഞിരിക്കുകയും അത് വിശകലനയും ചെയ്യുന്നതും നന്നാകും-അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്നതിനാല്‍ മാസ്‌ക് ഉപയോഗത്തിന് രോഗപ്രതിരോധത്തില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.