Sorry, you need to enable JavaScript to visit this website.

49 ാം ദേശീയ ദിനം ആഘോഷിക്കാന്‍ യു.എ.ഇ സര്‍വസജ്ജം, ലോക നേതാക്കളുടെ ആശംസ

അബുദാബി- ലോകം യു.എ.ഇയെ ഉറ്റുനോക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദേശീയ ദിനാഘോഷപരിപാടികള്‍ക്ക്  ബുധനാഴ്ച തുടക്കം. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് യു.എ.ഇയുടെ ദേശീയ ദിനം. 49 മത് ദേശീയ ദിനത്തിന് രാജ്യം സജ്ജമായിക്കഴിഞ്ഞു. വിവിധ ലോകനേതാക്കള്‍ യു.എ.ഇക്ക് ആശംസ നേര്‍ന്നു.

ദേശീയ ദിനത്തില്‍ ജനങ്ങള്‍ക്ക് അഭിവാദ്യവുമായി യു.എ.ഇ നേതാക്കള്‍ അണിനിരന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു.എ.ഇയിലെ ജനങ്ങളോട് ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കണമെന്നും എല്ലാ മേഖലകളിലും കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന ആശയങ്ങളും ദര്‍ശനങ്ങളും സംഭാവന ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.

അടുത്ത 50 വര്‍ഷത്തെ ഭാവി ദര്‍ശനങ്ങളുമായി സ്വാഗതം ചെയ്യാന്‍ യു.എ.ഇയിലെ ജനങ്ങള്‍ തയാറാകണമെന്ന് ആംഡ് ഫോഴ്‌സ് മാഗസിന്‍ നേഷന്‍ ഷീല്‍ഡിന് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളിലും കൂടുതല്‍ വികസനത്തിന് സജ്ജമാക്കും, അങ്ങനെ 2071 ആകുമ്പോഴേക്കും ക്ഷേമത്തിനും സന്തോഷത്തിനും ജീവിത നിലവാരത്തിനുമുള്ള ആഗോള സൂചകങ്ങളില്‍ യു.എ.ഇ ലോകത്തിലെ ആദ്യത്തേതായി മാറും -വാര്‍ത്താ ഏജന്‍സിയായ വാം ശൈഖ് ഖലീഫയെ ഉദ്ധരിച്ചു.

യു.എ.ഇയുടെ 49-ാമത് ദേശീയ ദിനം പുരോഗതിയുടെ നാഴികക്കല്ലാണെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
ഞങ്ങളുടെ യുവ രാജ്യത്തിന്റെ 50-ാം വര്‍ഷത്തിലേക്കും ഞങ്ങളുടെ അതുല്യമായ അനുഭവത്തിലേക്കും പ്രവേശിക്കുമ്പോള്‍, ഞങ്ങള്‍ ശക്തരും ആത്മവിശ്വാസമുള്ളവരും കൂടുതല്‍ കഴിവുള്ളവരും അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ദൃഢനിശ്ചയമുള്ളവരുമാണ് -കിരീടാവകാശി പറഞ്ഞു.
യു.എ.ഇയെ 100-ാം വാര്‍ഷികത്തില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുകയെന്ന ഞങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന പൂര്‍ണബോധ്യമുണ്ട്. ഞങ്ങളുടെ സ്ഥാപക നേതാക്കള്‍ സ്ഥാപിച്ച ശക്തമായ അടിത്തറയെയും കഴിഞ്ഞ ദശകങ്ങളില്‍ ഞങ്ങള്‍ കൈവരിച്ച പ്രധാന വിജയങ്ങളെയും കണക്കിലെടുത്താണിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് ഭരണാധികാരിയും യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു: രാജ്യത്തിന്റെ ദേശീയ ദിനം, നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ മാന്യതയുടെയും സ്ഥിരതയുടെയും ഇമാറാത്തി മൂല്യങ്ങള്‍ ആവിഷ്‌കരിച്ചതും സ്വന്തവും ദേശീയവുമായ അര്‍ഥത്തെ പ്രതിനിധീകരിക്കുന്നതുമായ ദിവസമാണ്.
49-ാം ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദന സന്ദേശമയച്ചു.
രാജ്യത്തിന്റെയും ജനങ്ങളുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതായും ആത്മാര്‍ഥമായി ദേശീയ ദിന ആശംസ അറിയിക്കുന്നതായും ഇരുവരും സന്ദേശത്തില്‍ പറഞ്ഞു. സഹോദര രാജ്യം എന്ന നിലയില്‍ എല്ലാ മേഖലയിലുമുള്ള അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാവട്ടെ എന്നും സൗദി ദേശീയ ദിന സന്ദേശമായി സൗദി യു.എ.ഇയെ അറിയിച്ചു.       
വരാനിരിക്കുന്ന 49-ാമത് ദേശീയ ദിനം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ എന്നിവയില്‍ സ്വകാര്യ പാര്‍ട്ടികള്‍ നിരോധിക്കുമെന്ന് യു.എ.ഇയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എ.ഇ ദേശീയ ദിനം, ക്രിസ്മസ് ദിനം, പുതുവത്സരാഘോഷങ്ങള്‍ എന്നിവ ആസന്നമാകുമ്പോള്‍ മുന്‍കരുതല്‍, പ്രതിരോധ ആരോഗ്യം എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം തങ്ങള്‍ ഊന്നിപ്പറയുന്നതായി നാഷനല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അല്‍ ധഹേരി പറഞ്ഞു കോവിഡ്19 കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Latest News