Sorry, you need to enable JavaScript to visit this website.

മന്ത്രിമാർ തമ്മിൽ യാതൊരു തർക്കവുമില്ല -ഇ.പി. ജയരാജൻ

'യു.ഡി.എഫ് നേതാക്കൾ വായക്ക് തോന്നിയത് വിളിച്ചു പറയുന്നു' 
കണ്ണൂർ- കെ.എസ്.എഫ്.ഇയെ സംബന്ധിച്ച് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ വായക്ക് തോന്നിയത് വിളിച്ചു പറയുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഈ വിഷയത്തിൽ ധനമന്ത്രിക്ക് അതൃപ്തിയുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആർക്കും ഒരു അതൃപ്തിയുമില്ലെന്നും, ചിലപ്പോൾ രമേശ് ചെന്നിത്തലക്ക് അതൃപ്തിയുണ്ടാകുമെന്നും അത് കുറച്ച് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.
യു.ഡി.എഫുകാർക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഓരോ ദിവസവും രാവിലെ പത്രസമ്മേളനം വിളിച്ച് ഓരോന്ന് പറയുന്നത്.  ഇതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ല. ഞങ്ങൾ ജനങ്ങളുടെ അടുത്തേക്കാണ് പോകുന്നത്. ഈ വിഷയത്തിൽ എൽ.ഡി.എഫ് മന്ത്രിമാർ തമ്മിൽ യാതൊരു തർക്കവുമില്ല. എവിടെയും റെയ്ഡ് നടന്നിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാൽ റെയ്ഡ് ഉണ്ടാകുമോ? എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നുമില്ല. മന്ത്രിസഭയെ സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതാണ് അവസാന വാക്ക് -ഇ.പി പറഞ്ഞു.
സി.എം. രവീന്ദ്രന്റെ കാര്യത്തിൽ എന്താണ് നടക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അതിന് ആരും വെപ്രാളം കാണിക്കേണ്ട കാര്യമില്ലെന്നും ഇ.പി കൂട്ടി ചേർത്തു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വൻ വിജയം ഉറപ്പാണെന്നും, നിയമസഭയിൽ തുടർ ഭരണം ലഭിക്കുമെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു. 
യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങും. എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സംസ്ഥാനത്ത് ചെയ്തു കഴിഞ്ഞു. 600 കാര്യങ്ങളിൽ 570 ഉം നടപ്പാക്കി. കണ്ണൂർ കോർപറേഷനിൽ പുറത്തിറക്കിയ പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എൻ. ചന്ദ്രൻ, യു. ബാബു ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News