കര്‍ഷകരോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ മടക്കിനല്‍കുമെന്ന് കായിക താരങ്ങള്‍

ജലന്ദര്‍- വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഡലുകളും പുരസ്‌ക്കാരങ്ങളും തിരികെ നല്‍കുമെന്ന് ഒരു സംഘം കായിക താരങ്ങളും പരിശീലീകരും പ്രഖ്യാപിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അക്രമിച്ചതില്‍ പ്രതിഷേധിക്കുന്നുവെന്നും അവര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും രാഷ്ട്രപതി ഭവനിലെത്തി പുരസ്‌ക്കാരങ്ങള്‍ മടക്കി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. 'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. ഏതാനും മാസങ്ങളായി സമാധാനപരമായാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സംഘര്‍ഷമുണ്ടായ ഒരു അവസരം പോലും ഉണ്ടായിട്ടില്ല. എന്നാല്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ബോംബുകളുമാണ് അവര്‍ക്കു നേരെ പ്രയോഗിച്ചത്,' അര്‍ജുന അവാര്‍ഡ് ജേതാവും ഒളിംപിക്  ഹോക്കി താരവുമായിരുന്ന സജ്ജന്‍ സിങ് ചീമ പറഞ്ഞു. ജലന്ദര്‍ പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കായിക താരങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. ഞഞ്ഞളുടെ കാരണവന്മാരുടെ തലപ്പാവുകള്‍ തട്ടിത്തെറിപ്പിക്കുകയാണെങ്കില്‍ ഈ അവാര്‍ഡുകളും ബഹുമതികളും കൊണ്ട് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്- അദ്ദേഹം ചോദിച്ചു. 

ഗുസ്തി താരമായിരുന്ന പത്മശ്രീ കര്‍തര്‍ സിങ്, ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും അര്‍ജുന ജേതാവും ഹോക്കി താരവുമായിരുന്ന ഗുര്‍മയില്‍ സിങ്, മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ രജ്ബീര്‍ കൗര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

Latest News