കൊച്ചി- ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയുള്ള ഷാലോ വാട്ടര്‍ ആന്റി സബ്മറീന് (അന്തര്‍വാഹിനി നശീകരണ) യുദ്ധ കപ്പലുകളുടെ നിര്‍മാണം ആരംഭിച്ചു. നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭ ഘട്ടമായ പ്ലേറ്റ് കട്ടിങ് നാവിക സേനാ സഹമേധാവി വൈസ് അഡ്മിറല്‍ ജി. അശോക് കുമാര്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍ സ്വാഗതം പറഞ്ഞു. വൈസ് അഡ്മിറല്‍ എസ്. ആര് ശര്‍മ, മറ്റു മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥര്‍, കൊച്ചിന് ഷിപ് യാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വാര്‍ഷിപ് ഓവര്‍സീയിങ് ടീം എന്നിവരും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
6,311 കോടി രൂപ ചെലവില്‍ നാവിക സേനയ്ക്കു വേണ്ടി എട്ട് അന്തര്‍വാഹിനി നശീകരണ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മറ്റു കപ്പല്‍നിര്‍മാണ കമ്പനികളെ പിന്നിലാക്കി കൊച്ചി കപ്പല്‍ശാല നേടിയത്. ഏഴര വര്‍ഷത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണു പദ്ധതി. തുറമുഖ, തീര മേഖലകള്‍ക്കു സമീപമെത്തുന്ന ശത്രു മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും നശിപ്പിക്കാനും ശേഷിയുള്ള പോര്ക്കപ്പലുകളാണിവ. 25 നോട്ട്സ് നോട്ട്സ് വേഗതയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും. വിമാനങ്ങള്‍ക്കൊപ്പം സംഘടിത മുങ്ങിക്കപ്പല്‍ ഓപറേഷന് നടത്താനും ഇവയ്ക്കു കഴിയും. അത്യാധുനിക യന്ത്രങ്ങളും ക്രമീകരണങ്ങളും മികച്ച സംവിധാനങ്ങളുമാണ് ഈ പോര്കപ്പലില് ഒരുങ്ങുന്നത്. തദ്ദേശീയമായി രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെടുന്ന സാങ്കേതികത്തികവുള്ള ഈ അന്തര്‍വാഹിനി നശീകരണ കപ്പലുകളില്‍ വിവിധ ആയുധങ്ങളും ഉള്‍പ്പെടും. ശത്രു അന്തര്‍വാഹിനികളുടെയും മറ്റും കണ്ണില്‍പ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഇവയിലുണ്ട്.