ന്യൂദല്‍ഹി- മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബഌുജെ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.പോലീസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചത് അവര്‍ക്ക് കിട്ടിയ ചില നിര്‍ദേശങ്ങള്‍ പ്രകാരമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന്‍ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണ്. കസ്റ്റഡിയില്‍ സിദ്ധീഖ് കാപ്പനെ പോലീസ് മര്‍ദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകളും നിഷേധിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കസ്റ്റഡിയില്‍ സിദ്ധീഖ് കാപ്പനെ ഉറങ്ങാന്‍ പോലും പോലീസ് അനുവദിച്ചില്ല. യുപി സര്‍ക്കാര്‍ വീഴ്ച മറച്ച് വയ്ക്കാന്‍ തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം നല്‍കിയെന്നും കെയുഡബഌുജെ ദല്‍ഹി ഘടകം ആരോപിച്ചു.