ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദല്‍ഹിയില്‍ നടത്തി വരുന്ന പ്രക്ഷോഭത്തിന് ഹരിയാനയിലെ ഖാപ് നേതാക്കള്‍ പിന്തുണ പ്രഖ്യാപ്പിച്ചു. 30 സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കൂടുതല്‍ പേരെ സംഘടിപ്പിച്ച് നാളെ ദല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യാനും തീരുമാനിച്ചു. താമസം, ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവ അംഗങ്ങള്‍ കരുതണമെന്നും ഖാപ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പഞ്ചാബില്‍ നിന്നെത്തിയ വനിതാ കര്‍ഷക സമരക്കാര്‍ക്ക് സുരക്ഷയൊരുക്കുമെന്നും ഖാപ് നേതാക്കള്‍ അറിയിച്ചു.
ഹരിയാനയിലെ ബിജെപി-ജെജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ദാദ്രിയിലെ സ്വതന്ത്ര എംഎല്‍എയുടം ഖാപ് നേതാവുമായ സൊംബിര്‍ സംഗ്വാന്‍ ലൈവ് സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ പദവി കഴിഞ്ഞ ദിവസം രാജിവെച്ചു. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. ഈ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊടുശൈത്യത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവിലാണ്. സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തി ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.