ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളെ ചൊല്ലി ശിരോമണി അകാലി ദളിനു പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വിടാനൊരുങ്ങുന്നു. രാഷ്ട്രീയ ലോകതാന്ത്രിക പാര്‍ട്ടി(ആര്‍എല്‍പി)യാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാള്‍ ട്വീറ്റീലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. 'ആര്‍എല്‍പി ഒരു എന്‍ഡിഎ ഘടകകക്ഷിയാണ്. എന്നാല്‍ അതിന്റെ ശക്തി കര്‍ഷകരും ജവാന്‍മാരുമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ പങ്കാളിയായി തുടരുന്ന കാര്യം കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി പുനരാലോചിക്കേണ്ടി വരും,' ബെനിവാള്‍ അമിത് ഷായ്ക്ക് മുന്നറിയിപ്പു നല്‍കി.
വ്യാഴാഴ്ച വരെ കാത്തിരിക്കുന്നതിനു പകരം ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന് രാജ്യത്തുടനീളം ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ കണക്കിലെടുത്ത് കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കുകയും സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുകയും ചെയ്യണമെന്ന് ബെനിവാള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു.
ജാ്ട്ട് സമുദായത്തിലും രാഷ്ട്രീയ സ്വാധീനമുള്ള ഭൂവുടമകളായ കര്‍ഷകര്‍ക്കിടയിലും വലിയ സ്വാധീനമുള്ള ആര്‍എല്‍പി രാജസ്ഥാനിലെ പ്രബല ചെറുപാര്‍ട്ടികളിലൊന്നാണ്. 15ഓളം ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വാധീന ശക്തികളാണിവര്‍.
ബിജെപി ഭരിക്കുന്ന ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ആര്‍എല്‍പി രാജസ്ഥാനിലും മറ്റിടങ്ങളിലും കര്‍ഷകര്‍ക്കു വേണ്ടി തെരുവിലിറങ്ങുമെന്നും ബെനിവാള്‍ പറഞ്ഞു.