Sorry, you need to enable JavaScript to visit this website.

ഓക്‌സഫഡ് വാക്‌സീന്‍ ആരോഗ്യ പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച ആള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

പൂനെ- കോവിഡ് പ്രതിരോധ വാക്‌സീന്‍ കോവിഷീല്‍ഡ് കുത്തിവച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് പരാതിപ്പെട്ട ആള്‍ക്കെതിരെ ഇന്ത്യയില്‍ ഈ വാക്‌സീന്‍ പരീക്ഷണം നടത്തിവരുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുന്നു. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മ ഭീമനായ ആസ്ട്ര സെനക നിര്‍മ്മിച്ച വാക്‌സീന്‍ ആണിത്. ഈ പരീക്ഷണത്തിന്റെ ഭാഗമായി സ്വയം സന്നദ്ധനായി കുത്തിവെപ്പെടുത്ത തനിക്ക് നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങളുണ്ടായെന്നും വാക്‌സീന്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നും ചെന്നൈ സ്വദേശിയായ പരാതിക്കാരന്‍ ആവശ്യമുന്നയിച്ചിരുന്നു. തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചു കോടി രൂപയും ഇദ്ദേഹം വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരീക്ഷണാര്‍ത്ഥം കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സീന്‍ മുലമല്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 

പരാതിക്കാരന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ സഹതാപമുണ്ടെന്നും എന്നാല്‍ ഇത് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതു മൂലമല്ലെന്ന് തെളിഞ്ഞതാണെന്നും ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാണ കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇദ്ദേഹം തെറ്റായാണ് ആരോപണം കോവിഡ് വാക്‌സീന്‍ പരീക്ഷണത്തിനുമേല്‍ ചുമത്തുന്നത്. ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സീന്‍ കാരണമല്ലെന്ന് മെഡിക്കല്‍ സംഘം പരാതിക്കാരനെ ബോധ്യപ്പെടുത്തിയതാണ്. ഇക്കാര്യം അറിഞ്ഞു കൊണ്ട് ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ വേണ്ടിയാണ്. ഇതിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. 

കോവിഡ് വാക്‌സീന്റെ മുന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായാണ് ആരോപണമുന്നയിച്ച 40കാരന്‍ ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്റ് റിസര്‍ചില്‍ നിന്ന് കുത്തിവെപ്പെടുത്തത്.
 

Latest News