ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കു മറുപടിയുമായി ഉവൈസി. ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരാന്‍ തയാറുണ്ടോ എന്ന അമിത് ഷായുടെ ചോദ്യത്തോട് ഉവൈസി ട്വിറ്ററിലൂടെ മറുപടി നല്‍കി. അമിത് ഷാ പറഞ്ഞ തരത്തിലുള്ള ആയിരം പേരുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമോയെന്നും അമിത് ഷാ ദല്‍ഹിയില്‍ ഉറങ്ങുകയാണോയെന്നും ഉവൈസി ചോദിച്ചു.
ഹൈദരാബാദില്‍ മുപ്പതിനായിരം അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ഉവൈസിയുടെ പ്രതികരണം. അത്തരത്തിലുള്ള ആയിരം പേരുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? അമിത് ഷാ ദല്‍ഹിയില്‍ ഉറങ്ങുകയാണോ? എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ പേരുകള്‍ നീക്കംചെയ്യാത്തത്? ആരാണ് അദ്ദേഹത്തെ തടയുന്നത്? ഉവൈസി തന്റെ ട്വീറ്റില്‍ ചോദിച്ചു.
തന്റെ ജോലി ചെയ്യാന്‍ ഒരു എം.പിയുടെ കത്ത് ആവശ്യപ്പെടുന്ന ആദ്യത്തെ മന്ത്രിയാണ് അമിത് ഷാ. ഇത്തരം സാങ്കല്‍പിക കടന്നുകയറ്റക്കാരെ അമിത് ഷായുടെ പാര്‍ട്ടി തന്നെയാണ് ഹൈദരാബാദില്‍ സൃഷ്ടിച്ചത്. എന്നിട്ടിപ്പോള്‍ അവരെ പിടികൂടാന്‍ എന്റെ അനുമതി തേടുന്നു. ആ കടന്നുകയറ്റക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അമിത് ഷായുടെ ബാലിശമായ സങ്കല്‍പത്തില്‍ മാത്രം ഉള്ളതാണ്- ഉവൈസി പരിഹസിച്ചു.