ന്യൂദല്‍ഹി- കോവിഡ്19 പോസിറ്റീവായി മധ്യേഷ്യയിലെ ഒരു രാജ്യത്ത് കുടുങ്ങിപ്പോയ 50 ശാസ്ത്രജ്ഞരെ തിരികെ നാട്ടിലെത്തിക്കാന്‍ 19 മണിക്കൂര്‍ നീണ്ട പ്രത്യേക ദൗത്യത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ വ്യോമസേന. മധ്യേഷ്യയിലെ ഏതു രാജ്യത്ത് നിന്നാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ ദക്ഷിണ ഭാഗത്താണ് ശാസ്ത്രജ്ഞരെ ഇറക്കിയത്. ഇതെവിടെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല.
കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ആ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയിലെ സി17 ഗ്ലോബ്മാസ്റ്റര്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് വ്യോമസേന ഉപയോഗിച്ചത് -സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.