Sorry, you need to enable JavaScript to visit this website.

ഹൈദരാബാദിൽ ഇനി ട്രംപിന്റെ പ്രചരണം മാത്രമെ ബാക്കിയുള്ളൂ; ബിജെപിക്ക് ഉവൈസിയുടെ കൊട്ട്

ഹൈദരാബാദ്- ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന ഹൈ വോള്‍ട്ടേജ് തെരഞ്ഞെടുപ്പു പ്രചാരണത്തെ പരിഹസിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍  നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. ഹൈദരാബാദില്‍ ഇനി പ്രചരണത്തിനെത്താന്‍ ബാക്കിയുള്ള ഏക വ്യക്തി യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് മാത്രമാണെന്നായിരുന്നു ഉവൈസിയുടെ കൊട്ട്. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തൊട്ട് ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മുതിര്‍ന്നവരും അല്ലാത്തവരുമായ മറ്റു ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപിയുടെ കൊണ്ടുപിടിച്ച പ്രചാരണം. 'ബിജെപി നേതാക്കളുടെ പ്രചാരണം കാണുമ്പോള്‍ ഇതൊരു ഹൈദരാബാദ് തെരഞ്ഞെടുപ്പു പോലെയല്ല. നരേന്ദ്ര മോഡിയുടെ സ്ഥാനത്തേക്ക് ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന പോലെയാണ്. എല്ലാവരേയും ഇങ്ങോട്ട് വിളിച്ചു വരുത്തിയിരിക്കുകയാണ് എന്നാണ് കേട്ടത്. ട്രംപിനെ കൂടി വിളിക്കാമായിരുന്നു എന്നാണ് ഒരു കുട്ടി പറഞ്ഞത്. ശരിയാണ്, ഇനി മാത്രമെ എത്താന്‍ ബാക്കിയുള്ളൂ'- ഉവൈസി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ടു വരൂ. ബിജെപിക്ക് ഇവിടെ എത്ര സീറ്റു ലഭിക്കുമെന്ന് നമുക്കു കാണാമെന്ന് രണ്ടു ദിവസം മുമ്പ് ഉവൈസി വെല്ലുവിളിച്ചിരുന്നു. 

യുപി മുഖ്യമന്ത്രിയും തീപ്പൊരു ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥിനെ വരെ ബിജെപി ഹൈദരാബാദിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപി ഇറക്കിയിട്ടിണ്ട്. ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്. ഇന്ന് അമിത് ഷാ നഗരത്തില്‍ വിവിധയിടങ്ങളില്‍ റാലികളില്‍ പങ്കെടുക്കുന്നുണ്ട്.
 

Latest News