ന്യൂദല്‍ഹി- നാലാം ദിവസവും ദല്‍ഹിയിലെ കര്‍ഷക സമരം ശക്തിയോടെ തുടരുന്നു. സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേരുന്നുണ്ട്. 'കേന്ദ്ര സര്‍ക്കാരുമായി എങ്ങനെ ചര്‍ച്ച നടത്തണം എന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്കു ക്ഷണിച്ചാല്‍ മാത്രമെ ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാകൂ'- പഞ്ചാബ് കിസാന്‍ യൂണിയന്‍ അധ്യക്ഷനും സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക നേതാവുമായ റുല്‍ദു സിങ് പറഞ്ഞു.
കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. വൈദ്യുത ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു- റുല്‍ദു സിങ് പറഞ്ഞു.
സമരം നയിക്കുന്ന കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. അതിനു മുമ്പ് ചര്‍ച്ച വേണമെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നും കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ദല്‍ഹി അതിര്‍ത്തിയില്‍ ഹൈവേകളില്‍ ഉപരോധം തുടരുന്ന കര്‍ഷകരുടെ എണ്ണം ശനിയാഴ്ചയും വര്‍ധിച്ചു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമെ മറ്റു സംസ്ഥാനങ്ങളല്‍ നിന്നും കൂടുതല്‍ സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ച ദല്‍ഹിയുടെ പ്രാന്തപ്രദേശത്തെ മൈതാനത്തേക്ക് സമരം മാറ്റാന്‍ കര്‍ഷകര്‍ തയാറായിട്ടില്ല.