തിരുവനന്തപുരം- ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ വൈക്കം സ്വദേശിനി ഡോ. ഹാദിയയെ ആരും ഉപദ്രവിക്കുന്നില്ലെന്ന് പോലീസ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ഇക്കാര്യം വനിതാ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടാണ് അന്വേഷണം നടത്തിയത്. ഹാദിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും ഹാദിയക്ക് ആരും മയക്കുമരുന്ന് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതാണ് സൂചന. വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറക്കിയത്.
താന്‍ സുരക്ഷിതയല്ലെന്നും ഏതു സമയത്തും മരിക്കുമെന്നും ഹാദിയ പറയുന്ന വിഡിയോ നേരത്തെ സാമൂഹിക പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാണ് വിഡിയോയില്‍ ഹാദിയ പറയുന്നത്.
കേസില്‍ ഈ മാസം 27-ന് മൂന്ന് മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.