ന്യൂദല്‍ഹി- പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധ സമരത്തിന് ദല്‍ഹിയിലെത്തിയ കര്‍ഷകര്‍ പ്രധാന ഹൈവേകളില്‍ ഉപരോധം തുടരുന്നു. ആദ്യം കര്‍ഷകരെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് ദല്‍ഹിയുടെ പ്രാന്തപ്രദേശത്ത് സമരത്തിന് പ്രത്യേകം സ്ഥലം അനുവദിക്കുകയും തിക്രി അതിര്‍ത്തി തുറന്നു നല്‍കുകയും ചെയ്‌തെങ്കിലും ഏതാനും സമരക്കാര്‍ മാത്രമാണ് ഇവിടെ എത്തിയത്. ഭൂരിപക്ഷം സമരക്കാരും അടച്ചിട്ട അതിര്‍ത്തികളില്‍ പ്രധാന ഹൈവേകളില്‍ ഉപരോധവുമായി ക്യാംപ് ചെയ്യുകയാണ്. ദല്‍ഹി-ബഹദൂര്‍ഗഢ് ഹൈവേയില്‍ നിന്നുള്ള അതിര്‍ത്തിയാണ് തുറന്നിരിക്കുന്നത്. ഈ ഹൈവേയിലും ഉപരോധം തുടരുന്നുണ്ട്. ദല്‍ഹി-സോനിപത്, ദല്‍ഹി-ഹരിദ്വാര്‍ ഹൈവേകളും കര്‍ഷകര്‍ പ്രതിഷേധവുമായി ഉപരോധിച്ചിരിക്കുകയാണ്. നരേലയ്ക്കടുത്ത സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധം സംഘര്‍ഷഭരിതമാണ്.
ആറു മാസം വരെ കഴിയാനുള്ള ഭക്ഷ്യ ശേഖരവുമായാണ് എത്തിയിരിക്കുന്നതെന്നും കര്‍ഷകര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കാതെ ഇവിടെ നിന്നും മടക്കമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഹൈവേകളിലെ സമരക്കാര്‍ക്കു പുറമെ സര്‍ക്കാര്‍ അനുവദിച്ച ബുരാരിയിലെ ഗ്രൗണ്ടിലും കര്‍ഷകര്‍ സമരം ചെയ്യുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടങ്ങില്ലെന്ന് ഇവരും പറയുന്നു.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ട വെള്ളവും ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചു നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടും ഇടപെടുന്നുണ്ട്. ദല്‍ഹി മന്ത്രി സത്യേന്ദര്‍ ജയിനും ജല ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ധയ്ക്കും മേല്‍നോട്ടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ അതത് പ്രദേശത്തെ എഎപി എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരം ചെയ്യുന്ന കര്‍ഷകരെ പിടിച്ചിടാന്‍ ദല്‍ഹിയിലെ ഒമ്പത്് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റണമെന്ന ദല്‍ഹി പോലീസിന്റെ നിര്‍ദേശം എഎപി സര്‍ക്കാര്‍ തള്ളി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് ഈ സമരം നയിക്കുന്നത്. നഗര ഹൃദയത്തിലെ രാം ലീല മൈതനാത്ത് എത്തിച്ചേരാനാണ് ഇവരുടെ പദ്ധതി. ഇവിടെ മാസങ്ങളോളം പ്രതിഷേധം തുടരാനുള്ള മുന്നൊരുക്കങ്ങളുമായാണ് കര്‍ഷകര്‍ എത്തുന്നത്.