വാഷിങ്ടണ്‍- മുംബൈയില്‍ 2008ലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുള്ള ഭീകര സംഘടനയായ ലഷ്‌കറെ തയിബ അംഗം സാജിദ് മിറിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. പാക് ഭീകരസംഘടനയായ ലഷ്‌കര്‍ മുതിര്‍ന്ന നേതാവായ സാജിദിന് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇദ്ദേഹത്തെ ഏതെങ്കിലും രാജ്യത്തുവച്ച് അറസ്റ്റ് ചെയ്യുന്നതിനും കുറ്റംചുമത്തുന്നതിനും സഹായകമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ വരെ ഇനാം നല്‍കുമെന്നും യുഎസ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്രസ്താവനയില്‍ അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരില്‍ ഒരാളായിരുന്നു സാജിദ് മിര്‍. മുംബൈയില്‍ താജ് ഹോട്ടര്‍, ഒബ്‌റോയ് ഹോട്ടല്‍, ലെപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി 166 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണ പരമ്പര ആസൂത്രണം ചെയ്തതിലും നടപ്പിലാക്കിയതിലും സാജിദിന് മുഖ്യ പങ്കുണ്ട്. കേസില്‍ യുഎസിലെ ഡിസ്ട്രിക് കോര്‍ട്ട് ഇയാള്‍ക്കെതിരെ കുറ്റംചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല. എഫ്ബിഐയുടെ പിടികിട്ടാപുള്ളികളായ ഭീകരരുടെ പട്ടികയിലും സാജിദ് ഉണ്ട്.