ശ്രീനഗര്‍- സംസ്ഥാന പദവി റദ്ദാക്കി ജമ്മു കശ്മീരിനെ വിഭജിച്ച ശേഷം പുതതായി രൂപീകരിച്ച തദ്ദേശ ഭരണ സംവിധാനമായ ഡിസ്ട്രിക്ട് ഡെവലെപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പു തുടങ്ങി. കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇന്നു രാവിലെ ഏഴു മണിക്ക് പോളിങ് ആരംഭിച്ചെങ്കിലും ശൈത്യം കാരണം പോളിങ് തുടക്കത്തില്‍ കുറവാണ്. രണ്ടു മണിവരെയാണ് പോളിങ്. എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 19ന് അവസാനഘട്ട പോളിങ്. 22ന് വോട്ടെണ്ണും. ജമ്മുവിലും കശ്മീരിലുമായി 280 ഡിഡിസി മണ്ഡലങ്ങളാണ് ഉള്ളത്.
ഒന്നാം ഘട്ടത്തില്‍ 43 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് പുരോഗമിക്കുന്നത്. 1,475 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കര്‍ അലയന്‍സും ബിജെപിയും മുന്‍ മന്ത്രി അല്‍താഫ് ബുഖാരി പുതുതായി രൂപീകരിച്ച അപ്‌നി പാര്‍ട്ടിയും തമ്മില്‍ ത്രികോണ മത്സരമാണെന്നാണ് റിപോര്‍ട്ടുകള്‍.
ബുഖാരിയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന് ഗുപ്കര്‍ സഖ്യം ആരോപിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവരുള്‍പ്പെടുന്ന വിശാല സഖ്യമാണ് ഗുപ്കര്‍ ജനകീയ സഖ്യം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് രൂപീകരിക്കപ്പെട്ട സഖ്യമാണിത്.