തിരുവനന്തപുരം- പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ ജാഗ്രതക്കുറവോ ഉപദേശകന്റെ ജാഗ്രതക്കുറവോ ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പൊതുവായ ജാഗ്രതക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാഗ്രക്കുറവ് ഉണ്ടായി എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവ് ഉണ്ടാവുക. സര്‍ക്കാരിലുള്ളവരും പുറത്തുള്ള നേതാക്കളും അടക്കമുള്ളവര്‍ ചേര്‍ന്നാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. നല്ല ഉദ്ദേശത്തോടുകൂടി സര്‍ക്കാര്‍ ചെയ്ത കാര്യം പ്രയോഗത്തില്‍ വന്നപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അത് തിരുത്താന്‍ തയാറായി.
വിമര്‍ശങ്ങള്‍ക്കിടയായ കാര്യങ്ങളിലാണ് ജാഗ്രതക്കുറവുണ്ടായത്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ ജാഗ്രതക്കുറവോ ഉപദേശകന്റെ ജാഗ്രതക്കുറവോ ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. നിയമം വേണ്ടെന്നു വെച്ചത് തിരുത്തലാണ്. ശരിയായ തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. അതുകൊണ്ട് അക്കാര്യത്തില്‍ ഇനി ചര്‍ച്ചയും വിവാദങ്ങളും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും സമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അതാത് സന്ദര്‍ഭങ്ങളില്‍ അക്കാര്യങ്ങളില്‍ പരിശോധനകള്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.