കോഴിക്കോട് -തലക്കുളത്തൂരില്‍ യു.ഡി.എഫിന്റെ വനിതാ സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവായെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്. തലകുളത്തൂര്‍ 15 ാം വാര്‍ഡ് സ്ഥാനാര്‍ഥി സജിനി ദേവരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സി.പി.എം പ്രാദേശിക നേതൃത്വവും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഗൂഢാലോചന നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇവരുടെ മകന്‍ കോവിഡ് പോസറ്റീവായിരുന്നു.
സൗകര്യങ്ങളില്ലാത്ത വീട്ടില്‍നിന്നു മകനെ കോവിഡ് സെന്ററിലേക്ക് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. മൂന്ന് ദിവസം കഴിഞ്ഞാണ് മകനെ കോവിഡ് സെന്ററിലേക്ക് മാറ്റിയത്. തുടര്‍ന്ന് സജിനിയും കുടുംബവും സര്‍ക്കാരിന് കീഴിലുള്ള ലാബില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ സജിനിക്ക് മാത്രം കോവിഡ് സ്ഥിരീകരിക്കുകയും ഇവരെ ഉടന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എത്തി കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ സംശയം തോന്നി സ്വകാര്യ ലാബുകളില്‍നിന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോള്‍ സജിനി കോവിഡ് നെഗറ്റീവാണെന്ന് റിസള്‍ട്ട് ലഭിച്ചതോടെയാണ് സി.പി.എം ഗൂഡാലോചന വ്യക്തമായതെന്നും സിദ്ദിഖ് ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും പ്രദേശിക സി.പി.എം നേതാക്കള്‍ക്കെതിര ശക്തമായ നടപടി വേണമെന്നും സിദ്ദിഖ് ഡി.സി.സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നിരന്തരമായി ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ പറഞ്ഞു. നന്മണ്ടയില്‍ റിട്ടേണിങ് ഓഫീസര്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോയില്‍ അഭിനയിച്ചത് ചട്ടലംഘനമാണ്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.