ആലപ്പുഴ- തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ആലപ്പുഴ ഇന്ദിരാ ജംഗ്ഷനില്‍ ബ്ലോക്ക് നമ്പര്‍ 120 ല്‍ അക്ഷയകുമാര്‍ (25), ചാത്തനാട് വൈക്കത്തുകാരന്‍ വീട്ടില്‍ രാഹുല്‍ രാധാകൃഷ്ണന്‍ (30), സനാതനം വാര്‍ഡില്‍ ആലപ്പാട് വീട്ടില്‍ അനൂപ് മാത്യു (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പറവൂര്‍ ശാസ്താങ്കലില്‍ ഷിബുവിന്റെ വീടിനു നേരെയായിരുന്നു ആക്രമണം. ഷിബുവിന്റെ മകളും അക്ഷയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ ഭാര്യയും കുട്ടികളും ഉള്ള ആളായതിനാല്‍ ഷിബു മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മാരകായുധങ്ങളുമായി സംഘം എത്തിയത്.
വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ ആക്രമിച്ചു. തടയാനെത്തിയ ഷിബുവിന്റെ പിതൃസഹോദരനെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിക്കുന്നത്. എസ്.ഐ അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ സിദ്ധിഖ്, ഗിരീഷ്,സീനിയര്‍ സിവില്‍ പോലീസ് അജീഷ്, സിവില്‍ പോലീസുകാരായ ജോണി,ചരണ്‍,ഹോം ഗാര്‍ഡ് ചാണ്ടി എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും സംഘം ഇവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.