ഇന്ത്യാ ടുഡേ സ്റ്റിംഗിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍
സത്യസരണിയുമായി ബന്ധപ്പെട്ട് ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയ ഇന്ത്യാ ടുഡേയിലെ ജംഷേദ്, സുശാന്ത് എന്നീ മാധ്യമപ്രവര്‍ത്തകര്‍ വിശ്വാസ്യതയില്ലാത്തവരും തെഹല്‍ക്കയില്‍നിന്ന് പുറത്താക്കിയവരുമാണെന്ന് നാരദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍. നാരദാ ന്യൂസ് വെബ് പോര്‍ട്ടലില്‍ എഴുതിയ കുറിപ്പിലാണ് നേരത്ത തെഹല്‍ക്ക മാഗസിന്‍ മാനേജിംഗ് എഡിറ്ററായിരുന്ന മാത്യു സാമുവല്‍ ഇക്കാര്യം പറയുന്നത്.
ഒരിക്കല്‍ ഇവര്‍ കൊണ്ടുവന്ന വ്യാജ ഡിഗ്രി സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഒരു ഫോറസ്റ്റ് ഓഫീസറോട് ക്ഷമ ചോദിക്കേണ്ടിവന്നുവെന്നും തുടര്‍ന്നാണ് ഇരുവരേയും പുറത്താക്കിയതെന്നും മാത്യു സാമുവല്‍ പറയുന്നു.
പശു ഇറച്ചി കിട്ടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉണ്ടെന്നും സ്റ്റിംഗ് ചെയ്യാമെന്നും പറഞ്ഞുവന്നപ്പോള്‍ ഇവരെ തടയുകയായിരുന്നു. അന്ന് ഉത്തര്‍ പ്രദേശില്‍ ബീഫ് നിരോധിച്ചിരുന്നില്ല. എങ്കില്‍പോലും ദേശീയ തലക്കെട്ട് പിടിച്ചെടുക്കാമെന്നാണ് പറഞ്ഞിരുന്നത്. ഇതേ പശു സ്റ്റോറി ഹിന്ദി ചാനലില്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് പരിവാറുകാര്‍ ആ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.
ഇന്ത്യാ ടുഡേ ഓപ്പറേഷനില്‍ സൈനബ വളരെ ഡിപ്ലോമാറ്റിക്കായിട്ടാണ് കാര്യങ്ങള്‍ പറഞ്ഞതെങ്കിലും അഹമ്മദ് ശരീഫ് പക്കാ വിഡ്ഢിത്തമാണ് പുലമ്പിയതെന്നും മാത്യു സാമുവല്‍ വിലയിരുത്തുന്നു.
എന്തുതന്നെയാണെങ്കിലും ഫണ്ടിംഗ്, ഹവാല, ഇസ്്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് എസ്.ഡി.പി.ഐ വിശദീകരണം നല്‍കണം. ജിഹാദ് ഫാക്ടറി, കണ്‍വേര്‍ഷന്‍ ഫാക്ടറി തുടങ്ങിയ ഹെഡ് ലൈനുകള്‍ ഇന്ത്യാ ടുഡേ കൊടുത്തത് അവരുടെ എഡിറ്റോറിയല്‍ നയമായിരിക്കാം.
ഹാദിയ എന്ന പെണ്‍കുട്ടിയുടെ കേസിനെ ഇത് ബാധിക്കാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ കോടതിക്കു മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തി ഹര്‍ത്താല്‍ നടത്തിയപ്പോള്‍ അതിരു കടന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. മതത്തേക്കാള്‍ ഉപരിയായി ഈ പെണ്‍കുട്ടിയുടെ സ്വതന്ത്ര ജീവിതമാണ് വീക്ഷിക്കുന്നത്. ഇതുപോലെയുള്ള ഗ്രൂപ്പുകള്‍ മനുഷ്യാവകാശം വീമ്പടിക്കുമ്പോള്‍ അല്ലിഷ്ടാ നമ്മള്‍ എല്ലാം തികഞ്ഞവരാണോ എന്നു സ്വയം ചോദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഇതു തന്നെയാണ് മുസ്്‌ലിം ലീഗിനോടും പറയാനുള്ളതെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.