Sorry, you need to enable JavaScript to visit this website.

'ബിജെപിയെ എങ്ങനെ ശരിയാക്കാമെന്നും പൊരിക്കണമെന്നും അറിയാം'; ചുട്ടമറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ- കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ശിവ സേന എംഎല്‍എയ്ക്കും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പ്രതികാരണമെന്ന ആക്ഷേപത്തിനിടെ ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവ സേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്ത്. പ്രതികാരം തുടര്‍ന്നാല്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാമെന്ന മുന്നറിയിപ്പും ഉദ്ധവ് നല്‍കി. 'കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമെതിരെ വേട്ടയുമായി വന്നാല്‍, നിങ്ങള്‍ക്കും കുടുംബങ്ങളും കുട്ടികളുമുണ്ടെന്ന് കാര്യം ഓര്‍ക്കുക. നിങ്ങളും ശുദ്ധരല്ല. നിങ്ങളെ എങ്ങനെ ശരിയാക്കാമെന്നും പൊരിക്കാമെന്നും ഞങ്ങള്‍ക്കറിയാം,' ശിവ സേന മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ ബിജെപിക്കു മുന്നറിയിപ്പു നല്‍കി. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അഭിമുഖം. 

ബിജെപി കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി പ്രതിയായ 2018ലെ അന്വയ് നായിക് ആത്മഹത്യാ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്ന ശിവ സേന എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെയാണ് കേന്ദ്ര ഏജന്‍സി ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എംഎല്‍എയുടെ മകന്‍ വിഹാങ് സര്‍നായിക്കിനെതിരേയും ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. ഇതാണ് ഉദ്ധവിനെ ചൊടിപ്പിച്ചത്.
 

Latest News