ന്യൂദല്‍ഹി- ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ പൂര്‍ണമല്ലെന്ന് സുപ്രീം കോടതി.
മഹാരാഷ്ട്ര പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
ഈ മാസം 11 നാണ് അര്‍ണബിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അര്‍ണബിന്റെ ഹരജയില്‍ ബോംബെ ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ ഇടക്കാല ജാമ്യം തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതി തീര്‍പ്പുകല്‍പിച്ച ശേഷം നാലാഴ്ച വരെ അര്‍ണബിന്റെ ഇടക്കാല ജാമ്യം നിലനില്‍ക്കുമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
ഭരണകൂടം ക്രമിനല്‍ നിയമങ്ങള്‍ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതികളും കീഴ്‌ക്കോടതികളും ജാഗ്രത പുലര്‍ത്തണം. പൗരന്മാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാനുള്ള ആയുധങ്ങളായി ക്രിമിനല്‍ നിയമങ്ങള്‍ മാറുന്നില്ലെന്ന് ഹൈക്കോടതികളും ജില്ലാ നീതിന്യായ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.