കോവിഡ് വാക്‌സിന്‍ ലഭിക്കാതെ ദല്‍ഹിയില്‍ സ്‌കൂള്‍ തുറക്കില്ലെന്ന് മന്ത്രി

ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്‌സീന്‍ ലഭ്യമാകുന്നതു വരെ ദല്‍ഹിയില്‍ സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടന്നേക്കും. വാക്‌സീന്‍ ലഭിക്കുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പദ്ധതിയില്ല. വാക്‌സീന്‍ വൈകാതെ ലഭ്യമായേക്കും. കോവിഡ് സാഹചര്യം പൂര്‍ണമായും നിയന്ത്രണവിധേയമാകുന്നതു വരെ ദല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല- വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദല്‍ഹിയില്‍ വര്‍ധിച്ച തോതില്‍ തുടരുകയാണ്. അതേസമയം പോസിറ്റീവിറ്റി നിരക്ക് മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച 8.5 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. നവംബര്‍ 15ന് ഇത് 15.3 ശതമാനമായിരുന്നു. ഈ നിരക്ക് അഞ്ചു ശതമാനത്തില്‍ കുറഞ്ഞാലെ കോവിഡ് നിയന്ത്രണ വിധേയമായി എന്നു പറയാനാകൂവെന്ന് വിദഗ്ധര്‍ പറയുന്നു. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കുടുതല്‍ കൃത്യത ലഭിക്കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റുകളും വര്‍ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ലാബുകളില്‍ 35000 ടെസ്റ്റുകള്‍ക്കുള്ള ശേഷിയെ ലഭ്യമായിട്ടുള്ളൂ. ഒരു ദിവസത്തിനകം ഫലം നല്‍കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. ദിവസവും നൂറോളം കോവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മരണ സംഖ്യ കുറയ്ക്കാനുള്ള വഴികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആരായുന്നതെന്നും മന്ത്രി അറിയിച്ചു.
 

Latest News